പ്രമേഹവും കാഴ്ചയും
November 14, 2024സർ ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനംകൂടിയായ നവംബർ 14നാണ് ലോക പ്രമേഹദിനം. ഇന്റർനാഷനൽ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ചേർന്നാണ് 2006 മുതൽ ഈ ദിനാചരണം തുടങ്ങിയത്. ഈ വർഷത്തെ പ്രമേഹദിന സന്ദേശം എല്ലാ പ്രമേഹരോഗികൾക്കും ചികിത്സ പ്രാപ്യമാക്കുകയും രോഗികൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ ഊന്നിയുള്ള പ്രാധാന്യവും സങ്കീർണതകൾ വരാതെ നല്ല ജീവിതനിലവാരം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം പകരലുമാണ്.
ഫ്രെഡറിക് ബാന്റിങ്ങും ചാൾസ് ബെസ്റ്റുമാണ് 1922ൽ ഇൻസുലിൻ വികസിപ്പിച്ചെടുത്തത്. 2018ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇന്ത്യയിൽ 101 മില്യൺ (10 കോടി) ജനം പ്രമേഹരോഗത്തിന് കീഴ്പ്പെട്ടവരും 13.6 കോടി പേർ പ്രമേഹത്തിന്റെ പ്രാഥമിക ഘട്ടത്തിലുമാണെന്നാണ് കണക്ക്. ഇതിൽ 90 ശതമാനം രോഗികളും ഒരു തവണ പോലും കാഴ്ചപരിശോധനക്ക് വിധേയമായിട്ടില്ല. ജീവിതശൈലികൊണ്ടുണ്ടാവുന്നതാണ് പ്രധാനമായി കാണുന്ന പ്രമേഹം. വർഷത്തിൽ ഒരു തവണയെങ്കിലും കാഴ്ചപരിശോധന നടത്തണം. പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കാത്തിരിക്കാതെ വർഷത്തിൽ ഒരുതവണയെങ്കിലും സ്ക്രീനിങ് നടത്തുന്നതും അഭികാമ്യമാണ്.
കണ്ണിലെ ഞരമ്പിൽ മാക്കുല എന്ന ഭാഗത്ത് വരുന്ന നീർക്കെട്ടാണ് കാഴ്ചയുമായി ബന്ധപ്പെട്ട് പ്രമേഹരോഗികൾക്കുണ്ടാവുന്ന പ്രധാന രോഗലക്ഷണം. ചെറിയ രക്തക്കുഴലുകൾ തകരാറിലാവുകയും അതിൽനിന്ന് ഫ്ലൂയിഡും പ്രോട്ടീൻ, ലിപ്പിഡ്സ് എന്നിവയും ലീക്ക് ചെയ്ത് ഞരമ്പിന്റെ മാക്കുലയിൽ അടിഞ്ഞുകൂടുമ്പോഴുണ്ടാവുന്ന നീർക്കെട്ടാണ് കാഴ്ചയെ പ്രധാനമായും ബാധിക്കുന്നത്.
ഈ കാഴ്ചക്കുറവ് സാവകാശത്തിൽ സംഭവിക്കുന്നതാണ്. നേരത്തേ കണ്ടിരുന്ന കാഴ്ചകളോ സൂക്ഷ്മമായ വസ്തുക്കളോ തെളിഞ്ഞു കാണാതിരിക്കുക, നേർരേഖകൾ ചരിഞ്ഞും വളഞ്ഞും കാണുന്ന സ്ഥിതി എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. ഡയബറ്റിക് മാക്കുലാർ എഡിമ എന്നു പറയുന്ന ഞരമ്പിലെ നീർക്കെട്ടിന് ഇന്ന് നിലവിലുള്ള ചികിത്സ ഇൻജക്ഷനാണ്. മാസത്തിൽ ഒരുതവണ ഈ ഇൻജക്ഷൻ എടുക്കുകയാണ് രീതി. ആവശ്യമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം അത് തുടരണം.
കണ്ണിലെ ഞരമ്പിലെ മധ്യഭാഗത്തെ രക്തയോട്ടം കുറയുന്നതാണ് കാഴ്ചയെ ബാധിക്കുന്ന മറ്റൊരു ഘടകം. നിർഭാഗ്യവശാൽ ഈ അവസ്ഥക്ക് ചികിത്സയില്ല. കൂടുതൽ കാഴ്ച കുറയാതെയും അമിത രക്തസമ്മർദം, കൊളസ്ട്രോൾ, അമിത വണ്ണം, അനീമിയ, കിഡ്നി രോഗങ്ങൾ എന്നിവയെല്ലാം നിയന്ത്രിച്ച് കാഴ്ച കുറയുന്നത് ശ്രദ്ധിക്കുകയും എല്ലാവർഷവും കാഴ്ചപരിശോധന നടത്തുകയുമാണ് രോഗികൾക്ക് മുന്നിലെ വഴി.
പെട്ടെന്നുണ്ടാവുന്ന കാഴ്ചക്കുറവാണ് മൂന്നാമത്തെ രോഗാവസ്ഥ. കണ്ണിൽ മുടി കുടുങ്ങിയതുപോലെയോ മഷിയിട്ടതുപോലെയോ പെട്ടെന്നാവും കാഴ്ച കുറയുക. കണ്ണിലുണ്ടാവുന്ന രക്തസ്രാവമാണിതിന് കാരണം. ഇത് അഡ്വാൻസ് ഡിസീസിൽ കാണുന്നതാണ്. നോർമൽ രക്തക്കുഴലുകൾ തകരാറിലാവുകയും അതിന് പകരമായി റെറ്റിനയിൽ രക്തയോട്ടമുള്ളതും ഇല്ലാത്തതുമായ ഏരിയകളുടെ ഇടയിൽ പുതിയ രക്തക്കുഴലുണ്ടാവുകയും ഇവ നോർമൽ രക്തക്കുഴലുകളുടെയത്ര ശക്തിയില്ലാത്തതിനാൽ ശരീരം ഏതെങ്കിലും രീതിയിൽ ചുമയ്ക്കുകയോ തുമ്മുകയോ ഭാരം പൊക്കുകയോ പോലുള്ളവ ചെയ്യുമ്പോൾ പെട്ടെന്ന് രക്തം പൊടിയാനിടവരുകയും ചെയ്യുന്നതാണ് ഇതിന്റെ ദോഷം.
ഇതു കൂടാതെ ഞരമ്പിലെ രക്തക്കുഴലിനോടൊപ്പംതന്നെ ചെറിയ പാട ഞരമ്പിനോട് ചേർന്ന് വരുകയും ആ പാട ചുരുങ്ങുമ്പോൾ ഞരമ്പ് വിട്ടുവരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥക്കും സർജറിയാണ് പരിഹാരം. പ്രമേഹം കൊണ്ടുള്ള സങ്കീർണതകൾ ഒഴിവാക്കി ശരീരത്തെ ഇണക്കിയും രോഗത്തെ മെരുക്കിയും ജീവിക്കുകയാണ് അഭികാമ്യം. വേണ്ട സൂക്ഷ്മതയും ജാഗ്രതയുമുണ്ടെങ്കിൽ പ്രമേഹമില്ലാത്തവരെപ്പോലെ കണ്ണിനും കിഡ്നിക്കും മസ്തിഷ്കത്തിനും ഒന്നും ബാധിക്കാതെതന്നെ പ്രമേഹരോഗികൾക്കും മുന്നോട്ടുപോകാൻ കഴിയും.