
ഡിജിറ്റൽ ആസക്തി: ചികിത്സ തേടിയത് 15,261 കുട്ടികൾ
February 9, 2025കൊച്ചി: മെബൈൽ ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം വരുത്തിവെച്ച ഡിജിറ്റൽ ആസക്തിയുടെ ഗുരുതര പ്രശ്നങ്ങളുമായി വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 15,261 കുട്ടികൾ. ഡിജിറ്റൽ ആസക്തി കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നു എന്നാണ് വകുപ്പിന് റിസോഴ്സ് കേന്ദ്രങ്ങളിലും പാരന്റിങ് ക്ലിനിക്കുകളിലും സ്കൂൾ കൗൺസലിങ് സംവിധാനങ്ങളിലും ഓരോ ദിവസവും എത്തുന്ന കേസുകൾ വ്യക്തമാക്കുന്നത്.കോവിഡ് കാലത്ത് തുടങ്ങിവെച്ച ഓൺലൈൻ ട്യൂഷൻ ക്ലാസുകളടക്കം പഠന സംവിധാനങ്ങൾ ഇപ്പോഴും ഒട്ടേറെ കുട്ടികൾ പിന്തുടരുന്നുണ്ട്. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളുടെയും ഓൺലൈൻ ഗെയിമുകളുടെയും വർധിച്ച ഉപയോഗവും കുട്ടികളിൽ ഡിജിറ്റൽ ആസക്തിക്ക് കാരണമാകുന്നു.
ഈ സാഹചര്യത്തിലാണ് വനിത ശിശുവികസന വകുപ്പ് ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി), പാരന്റിങ് ഔട്ട്റീച്ച് ക്യാമ്പുകൾ എന്നിവ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം ആരംഭിച്ചത്. കൗൺസലിങ് വഴി കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം പ്രവർത്തനങ്ങൾക്കിടെ കൗൺസിലർമാർക്ക് മുന്നിലെത്തിയ ഗുരുതര സ്വഭാവമുള്ള കേസുകളാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തത്. ഇവിടെ കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സൈക്യാട്രിസ്റ്റിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
സമാന സേവനം മെഡിക്കൽ കോളജുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ബിഹേവിയറൽ പീഡിയാട്രിക് വിഭാഗത്തിൽ മൊബൈൽ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി നിരവധി കുട്ടികളും രക്ഷിതാക്കളും എത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് വാട്സാപ്പ് വഴി പഠനക്കുറിപ്പുകൾ അയക്കുന്നത് വിലക്കി കഴിഞ്ഞ നവംബറിൽ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ അയച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പാഠഭാഗങ്ങൾ നൽകുന്നത് ഗുണകരമല്ലെന്ന സംസ്ഥാന ബാലാവകാശ കമീഷന്റെ നിർദേശത്തെത്തുടർന്നായിരുന്നു വകുപ്പിന്റെ ഇടപെടൽ. എങ്കിലും, കുട്ടികൾക്കിടയിൽ മൊബൈൽ ഫോണിന്റെ അമിതോപയോഗം കാര്യമായി കുറക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.�
ഡി-ഡാഡുമായി പൊലീസ്
കുട്ടികളുടെ ഡിജിറ്റൽ ആസക്തിയും അതുമായി ബന്പ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കാൻ കേരള പൊലീസ് ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രമാണ് ഡി-ഡാഡ്. സൈക്കോളജിസ്റ്റ്, പ്രൊജക്ട് കോർഡനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എറണാകുളം ജില്ലയിൽ ഇതിനകം 200ഓളം കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചിപ്പിച്ചതായി ഡി-ഡാഡ് അധികൃതർ വ്യക്തമാക്കി. (ഫോൺ: 9497975400)