അറിയണം, പ്രതിരോധിക്കണം പ്രമേഹ പാദരോഗം
November 14, 2024പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
പ്രമേഹരോഗികളിൽ പാദരോഗ സാധ്യത 20 ശതമാനവും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നതിനുള്ള സാധ്യത 30 ശതമാനവുമാണ്. ഇന്ത്യയിൽ നടക്കുന്ന പല അംഗച്ഛേദന ശസ്ത്രക്രിയകൾക്കും കാരണം ഡയബറ്റിസ് മൂലം കാലുകളിൽ ഉണ്ടാകുന്ന വ്രണങ്ങളാണ്.
പ്രമേഹമുള്ള ഒരു വ്യക്തി അവരുടെ കാലുകൾ വളരെയേറെ ശ്രദ്ധിക്കണം. കാരണം കാലിൽ ഒരു ചെറിയ മുറിവുതന്നെ മതി അവരുടെ പ്രശ്നങ്ങൾ വർധിപ്പിക്കാൻ. പ്രമേഹം ബാധിച്ചാൽ പാദങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. അങ്ങനെ പാദങ്ങളിൽ മരവിപ്പുണ്ടാകുന്നു. പ്രാരംഭഘട്ടത്തിൽ വേദന ഉണ്ടാകില്ല, പക്ഷേ അത് ക്രമേണ വർധിക്കുകയും കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ കാൽ മുറിച്ചുമാറ്റുന്നതിലേക്കുവരെ നയിച്ചേക്കാം. എത്രയും വേഗം ചികിത്സ തേടുന്നത് അണുബാധയിൽനിന്ന് രക്ഷനേടാൻ സഹായിക്കും. പ്രമേഹരോഗിയിൽ പാദരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നത് പ്രധാനമായും ഇങ്ങനെയാണ്:
- രക്തയോട്ടം കുറയുന്നത്
പ്രമേഹംമൂലം ചെറുകുഴലുകൾ അടയുമ്പോൾ ഓക്സിജൻ ലഭ്യത കുറയുന്നു. തുടർന്ന് മുറിവുകൾ ഉണങ്ങാൻ വൈകുകയും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. നടക്കുമ്പോൾ കാലിൽ ഉണ്ടാകുന്ന വേദന, ചർമനിറം മാറ്റം, മർദം, വിരലുകളിൽ കറുപ്പുനിറം, ഉണങ്ങാത്ത വ്രണങ്ങൾ, ഇവ രക്തയോട്ടക്കുറവിന്റെ ലക്ഷണങ്ങളാണ്.
- ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
നാഡികളുടെ ശേഷിക്കുറവുമൂലം പാദങ്ങളിൽ തഴമ്പുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം പാദത്തിനടിയിൽ സാധാരണമല്ലാത്ത സമ്മർദകേന്ദ്രങ്ങളും രൂപംകൊള്ളും. നാഡികളുടെ പ്രവർത്തനക്കുറവിനെ തുടർന്നുള്ള മരവിപ്പുമൂലം വേദന, ചൂട്, തണുപ്പ് ഇവയൊന്നും രോഗിക്ക് തിരിച്ചറിയാനാവുകയില്ല. അനിയന്ത്രിതമായ പ്രമേഹമുള്ളവർ ശരീരഭാഗങ്ങൾ മുറിഞ്ഞാലോ വ്രണങ്ങൾ രൂപപ്പെട്ടാലോ പലപ്പോഴും തിരിച്ചറിയാറില്ല.
- പുകവലി
പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല, നിങ്ങളുടെ പാദങ്ങളിലെ രക്തചംക്രമണത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കാലുകൾക്ക് വ്രണങ്ങളും പരിക്കുകളും ഉണ്ടാക്കുന്നു.
- അണുബാധ
- രക്തത്തിലെ അനിയന്ത്രിതമായ പഞ്ചസാര പ്രമേഹരോഗികളുടെ
പാദസംരക്ഷണം ഇങ്ങനെ
- പാദങ്ങൾ പതിവായി പരിശോധിക്കുക. നിങ്ങളുടെ പാദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ, കുമിളകൾ, വീക്കം, ചുവപ്പ്, വ്രണങ്ങൾ, ചതവുകൾ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുക. വീക്കമോ കുമിളകളോ മറ്റെന്തെങ്കിലും മാറ്റമോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.
- പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഒരിക്കലും അമിതമായ ചൂടുവെള്ളത്തിൽ കഴുകരുത്. കാരണം ഇത് ചർമത്തെ വരണ്ടതാക്കും. മുറിവുകൾക്കും വിള്ളലുകൾക്കും കൂടുതൽ സാധ്യതയുണ്ട്.
- പാദങ്ങൾ വരണ്ടതാക്കുക. പ്രമേഹമുള്ളവർ ചെരിപ്പ് ധരിക്കുന്നതിനുമുമ്പ് പാദങ്ങൾ ഉണങ്ങിയതാണെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ച് കാൽവിരലുകൾക്കിടയിൽ ഈർപ്പം നിന്നാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതുകൂടാതെ, എപ്പോഴും ഈർപ്പം പിടിക്കാത്ത സോക്സുകളും ധരിക്കുക.
- പാദങ്ങൾ മോയ്ച്ചറൈസ് ചെയ്യുക. പ്രായമാകുമ്പോൾ പാദങ്ങളുടെ ചർമം വരണ്ടുപോകുന്നു. അതിനാൽ, കുളിച്ചതിനുശേഷം കാലിൽ ചെറിയ അളവിൽ ഹാൻഡ് ലോഷനോ ജെല്ലിയോ പുരട്ടണം.
- പ്രമേഹരോഗികൾ അവരുടെ കാൽവിരലുകളിലെ നഖം മുറിക്കുന്നത് സൂക്ഷിച്ചുവേണം. അശ്രദ്ധ മുറിവിനോ അണുബാധക്കോ സാധ്യതയുണ്ട്.
- പ്രമേഹ-സൗഹൃദ പാദരക്ഷകളും സോക്സും ഉപയോഗിക്കുക. ഇറുകിയ ഷൂസുകളോ ഹൈഹീലുകളോ ഉപയോഗിക്കുന്നത് കുറക്കുക. എപ്പോഴും ഷൂസ് അല്ലെങ്കിൽ മറ്റു പാദരക്ഷകൾക്കൊപ്പം സോക്സുകൾ ധരിക്കുക. എന്നിരുന്നാലും, കണങ്കാലിന് ചുറ്റും വളരെ ഇറുകിയ സോക്സുകൾ ധരിക്കരുത്, കാരണം അവ നിങ്ങളുടെ രക്തചംക്രമണത്തെ ബാധിച്ചേക്കാം.
- പ്രമേഹരോഗികൾ നഗ്നപാദരായി നടക്കുന്നത് പരിക്കുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കണം.
- പുകവലി ഉപേക്ഷിക്കുക
- അണുബാധയുണ്ടോ എന്ന് നോക്കുക. അണുബാധ പുറംതൊലിയുള്ള ചർമത്തിനും കാൽവിരലുകൾക്കിടയിൽ വിള്ളലുകൾക്കും കാരണമാകുന്നു.
ഡയബറ്റിക് ഫൂട്ട് ചികിത്സ
1. അണുബാധ തടയൽ
അണുബാധക്കുള്ള സാധ്യത ഒഴിവാക്കാൻ ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സ വേണം. ഒരു അണുബാധ വികസിച്ചുകഴിഞ്ഞാൽ, അവസ്ഥയുടെ സങ്കീർണതകൾ വർധിക്കുന്നു. അൾസർ വൃത്തിയാക്കി ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക, അൾസറിന് ചുറ്റുമുള്ള ചർമം അണുമുക്തമാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയിലൂടെ നമുക്ക് അണുബാധ ഒഴിവാക്കാം.
2. മരുന്നുകൾ
ആൻറിബയോട്ടിക്കുകൾ, ആന്റി പ്ലേറ്റ് ലെറ്റുകൾ, ആൻറി ഡയബറ്റിക്സ് തുടങ്ങിയവ ഉപയോഗിച്ചുള്ള മെഡിക്കൽ ചികിത്സയും നിങ്ങളുടെ ഡോക്ടറുടെ കുറിപ്പടിയോടെ ഏറ്റെടുക്കാം.
3. വൂണ്ട് ഓഫ്്ലോഡിങ്
രോഗംബാധിച്ച കാൽ/കാലിൽനിന്ന് ഭാരം കുറക്കുക എന്നതാണ് മുറിവ് ഓഫ്്ലോഡിങ്ങിന്റെ ഉദ്ദേശ്യം. കാലിൽനിന്ന് സമ്മർദം അകറ്റിനിർത്തുകയും അതുവഴി വീണ്ടെടുക്കൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യലാണ് വൂണ്ട് ഓഫ്്ലോഡിങ്
4. ഡീപ്രൈമെന്റ് & ഡ്രസിങ്
ഇത് വ്രണമുള്ള ഭാഗത്തുനിന്ന് ചത്ത ചർമവും ടിഷ്യുവും നീക്കംചെയ്യുന്നു
5. ഭക്ഷണം
സമീകൃതാഹാരവും മതിയായ പോഷകാഹാരവും പ്രമേഹരോഗികളുടെ മുറിവുകൾ സുഖപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. രോഗിക്ക് ആവശ്യമായ അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണമാണ് നൽകേണ്ടത്. ഭക്ഷണത്തിൽ വിറ്റമിൻ സി, വിറ്റമിൻ എ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കണം.