കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

ലണ്ടൻ: കൊച്ചു കുട്ടികളെ സുന്ദരിമാരും സുന്ദരന്മാരുമാക്കാൻ മുതിർന്നവർ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ പ്രയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്കും മറ്റുമായി കുഞ്ഞുങ്ങളുടെ നഖങ്ങളിൽ നെയിൽ പോളിഷ്, പെർഫ്യൂമുകൾ, ബ്രോൺസറുകൾ ഉപയോഗിക്കുന്നതും അതീവ അപകടകരമാണെന്നാണ് ലങ്കാസ്റ്റർ സർവകലാശാലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുതിർന്നവരുടെ ചർമ്മത്തെ അപേക്ഷിച്ച് 30 ശതമാനം വരെ കനം കുറഞ്ഞതാണ് കുഞ്ഞുങ്ങളുടെ ചർമ്മമെന്നും അതിനാൽ ഇത്തരം ഉൽപ്പന്നങ്ങളിലെ മാരകമായ രാസവസ്തുക്കൾ വളരെ വേഗത്തിൽ കുഞ്ഞുങ്ങളുടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു.

നെയിൽ പോളിഷുകളിലും ലിപ്സ്റ്റിക്കുകളിലും കാണപ്പെടുന്ന ടോളുവിൻ, താലേറ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ കുഞ്ഞുങ്ങളുടെ ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുകയും ഭാവിയിൽ വളർച്ചാ വൈകല്യങ്ങൾക്കും വന്ധ്യതയ്ക്കും വരെ കാരണമാകുകയും ചെയ്യും. സുഗന്ധദ്രവ്യങ്ങളിലെ ആൽക്കഹോളും മറ്റ് ഘടകങ്ങളും കുഞ്ഞുങ്ങളിൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾക്കും കടുത്ത അലർജിക്കും വഴിവെക്കുന്നുണ്ട്.

വിനോദയാത്രകളിൽ കുട്ടികൾക്ക് ചെയ്തു കൊടുക്കുന്ന കറുത്ത ഹെന്ന ടാറ്റൂകൾ വഴിയുണ്ടാകുന്ന അലർജി ചിലപ്പോൾ മരണകാരണമായേക്കാവുന്ന അനാഫിലാക്സിസ് എന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം. പ്രകൃതിദത്തമെന്ന വ്യാജേന വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങൾ പോലും കുഞ്ഞുങ്ങളുടെ ചർമ്മത്തിന് സുരക്ഷിതമല്ലെന്നും അതിനാൽ രാസവസ്തുക്കളുടെ അമിത ഉപയോഗം ഒഴിവാക്കി കുഞ്ഞുങ്ങളുടെ സ്വാഭാവിക ആരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top