കോവിഡ് മഹാമാരിയിൽ പഠനത്തിനൊരുങ്ങി കേന്ദ്രം
November 5, 2024ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ കൂടുതൽ പഠനങ്ങൾക്കൊരുങ്ങി കേന്ദ്രം. 54 ലബോറട്ടറികളുടെ കൺസോർട്യമായ ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കൺസോർട്യത്തിന് (ഐ.എൻ.എസ്.എ.സി.ഒ.ജി) പഠനം നടത്താനുള്ള അനുമതി നൽകിയേക്കും. കോവിഡ് -19 മഹാമാരിക്കാലത്ത് ശേഖരിച്ച ആയിരക്കണക്കിന് സാമ്പിളുകളും ആശുപത്രി രേഖകളുമാണ് പഠനവിധേയമാക്കുക.
വ്യത്യസ്ത വ്യക്തികളുടെ രോഗപ്രതിരോധ ക്ഷമത, വൈറസിന്റെ പരിണാമം, ഉപാപചയ പ്രവർത്തനങ്ങൾ, അസുഖബാധിതരായ വ്യക്തികളിൽ ഇന്നും നിലനിൽക്കുന്ന മാറ്റങ്ങളിൽ വൈറസിന്റെ പങ്ക് എന്നിവ സംബന്ധിച്ചായിരിക്കും പഠനം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കോവിഡ് ബാധിതരായവരിൽ 10-20 ശതമാനം ആളുകളിൽ അണുബാധക്ക് മൂന്ന് മാസത്തിനു ശേഷവും വീണ്ടും കോവിഡ് ലക്ഷണങ്ങളുണ്ടാകുന്നുണ്ട്. രണ്ടുമാസം വരെ നീണ്ടുനിന്നേക്കാവുന്ന ഈ സാഹചര്യത്തെ ലോങ് കോവിഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഇപ്പോഴും കാര്യമായ വിശദീകരണങ്ങൾ ലഭ്യമല്ല.
ക്ഷീണം, ശ്വാസതടസ്സം എന്നിവയടക്കം 200ലധികം വ്യത്യസ്ത കാര്യങ്ങൾ ലോങ് കോവിഡ് ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പറയുന്നു.