മടുത്തു, ഈ ജോലി വിടാനായോ?
October 23, 2024ഏറെ ഇഷ്ടപ്പെട്ട ഒരു ജോലിയിലാണോ ഇപ്പോൾ നിങ്ങളുള്ളത്? യോജിച്ച ഒരു ജോലിയാണെങ്കിൽ അതിൽ നിങ്ങൾക്ക് സുരക്ഷിതത്വം അനുഭവപ്പെടും, സന്തോഷവുമുണ്ടാകും. ചെയ്യുന്ന ജോലിയിൽ റിസൽട്ട് കൂടുതലായിരിക്കും. എന്നാൽ, ഇതിന് വിരുദ്ധമാണ് നിങ്ങളുടെ ജോലിയിൽ നിന്ന് അനുഭവപ്പെടുന്നതെങ്കിൽ ഒരു നിമിഷം ചിന്തിക്കുക, തെറ്റായ ഇടത്തിലാണോ നിങ്ങൾ ഉള്ളതെന്ന്.
ജോലിയെക്കുറിച്ച് ആധി
ജോലിസംബന്ധമായി എപ്പോഴും ആധിപിടിച്ച് നടക്കുകയാണെങ്കിൽ സൂക്ഷിക്കുക, എന്തോ പ്രശ്നമുണ്ട്. താങ്ങാൻ പറ്റാത്ത അത്രയും ജോലിഭാരമാകാം, പരാജയഭീതിയാകാം, ടോക്സിക് സഹപ്രവർത്തകരാകാം കാരണം. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്കുതന്നെ നിയന്ത്രണമില്ലാത്തതും ജോലി സുരക്ഷിതത്വമില്ലാത്തതും വർക്-ലൈഫ് ബാലൻസ് ഇല്ലാത്തതുമെല്ലാം ഈ ആധി വർധിപ്പിക്കും. ഈ അസ്വസ്ഥത വിട്ടുപോകാതെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യത്തിനുവേണ്ടി നിലവിലെ ജോലിയെക്കുറിച്ച് പുനരാലോചന നടത്തണം.
എപ്പോഴും ജോലി ചെയ്തു തളർന്നുപോവുക
ശാരീരികമായും മാനസികമായും തളർന്നുപോകുന്നുവെങ്കിൽ ചിന്തിക്കുക, ഈ ജോലി നിങ്ങളെ വല്ലാതെ ഊറ്റിയെടുക്കുന്നുണ്ട് എന്ന്. ഇത് ജോലിയിലെ ഉൽപാദനക്ഷമതയെ മാത്രമല്ല, മറിച്ച് ആരോഗ്യം, ബന്ധങ്ങൾ, സന്തോഷം എന്നിവയെയെല്ലാം ബാധിക്കും. ഈ തളർച്ച വിട്ടുപോകാതെ പിടികൂടിയിട്ടുണ്ടെങ്കിൽ ജോലി വിടുന്നതിനെപ്പറ്റി ചിന്തിക്കാം.
ടോക്സിക് തൊഴിലിടം
എല്ലാതരത്തിലുള്ള അസ്വസ്ഥതകളും നിറഞ്ഞ തൊഴിൽ അന്തരീക്ഷമാണ് നിങ്ങളുടേതെങ്കിൽ മാനസികാരോഗ്യവും തൊഴിൽ ഉൽപാദനക്ഷമതയും കുറയും. സംഘർഷം, ഗോസിപ്പ്, പരിഹാസം, പിന്നിൽനിന്നുള്ള കുത്ത്, ഓഫിസ് പൊളിറ്റിക്സ്, പിന്തുണക്കാത്ത നേതൃത്വം എന്നിവക്കൊന്നും അത്തരം സ്ഥാപനങ്ങളിൽ ഒരു കുറവുമുണ്ടാകില്ല. ഇതാണ് ടോക്സിക് തൊഴിലിടം. ഇതെല്ലാം അനുഭവിച്ച് അവിടെത്തന്നെ നിൽക്കണോ എന്നത് നിങ്ങളുടെ സഹനശക്തിയെ ആശ്രയിച്ചിരിക്കും.
വർക് ലൈഫ് ബാലൻസ് ഇല്ലാത്ത സാഹചര്യം
ജോലി നിങ്ങളുടെ സമയമെല്ലാം കവരുന്ന ഒന്നാണെങ്കിൽ, ജോലി വിട്ട് സ്വന്തം കാര്യത്തിന് സമയം കിട്ടുന്നില്ലെങ്കിൽ അത് അപകടകരമായ ഇടമാണ്. വ്യക്തി ബന്ധങ്ങൾ, വിനോദം തുടങ്ങി ഒന്നും നടക്കാത്ത അവസ്ഥ നിങ്ങളെ നിരാശനും അസ്വസ്ഥനുമാക്കും. ഇതും ഒരു സൂചനയാണ്.
വില കിട്ടുന്നില്ലെങ്കിൽ
നിങ്ങളുടെ കഠിനാധ്വാനം സ്ഥിരമായി അവഗണിക്കപ്പെടുകയാണെങ്കിലും ജോലിക്ക് അനുസരിച്ച് പ്രതിഫലം ലഭിക്കുന്നില്ലെങ്കിലും താൻ വിലയില്ലാത്തവനാണെന്ന് ആർക്കും തോന്നാം. അമിതമായി ജോലി ചെയ്തിട്ടും സ്ഥാനക്കയറ്റത്തിൽ അവഗണനയാണെങ്കിലും അവിടം വിടുന്നതിനെക്കുറിച്ച് ആലോചിക്കാം. കാരണം, നിങ്ങൾ ചെയ്യുന്ന ജോലിക്ക് തക്ക പരിഗണനയും ആദരവും ലഭിക്കേണ്ടത് അനിവാര്യമാണ്.