ഉള്ളാട് കൾചറൽ ആൻഡ് ഹെൽത്ത് കമ്യൂണിറ്റി കൂട്ടായ്മ സജീവമാണ് യോഗ ജനകീയമാക്കാൻ
November 14, 2024ആരോഗ്യത്തോടൊപ്പം നല്ലൊരു സംസ്കാരവും വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അമരമ്പലത്ത് ഉള്ളാട് കൾചറൽ ആൻഡ് ഹെൽത്ത് കമ്യൂണിറ്റി യോഗ കൂട്ടായ്മക്ക് തുടക്കമിട്ടത്. ജീവിതശൈലീരോഗങ്ങളിൽ സർവസാധാരണമായ പ്രമേഹത്തെ യോഗ തെറപ്പിയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും വരുതിയിലാക്കാമെന്നാണ് പരിശീലനംകൊണ്ടുള്ള ഗുണം. നിരവധി പേരാണ് യോഗ പരിശീലനത്തിനായി എത്തുന്നത്. കപാല ഭാതി, ഭുജംഗാസനം, ധനുരാസനം, ശലഭാസനം, അര്ധ മത്സ്യന്ദ്രാസനം, നാഡീശോധന പ്രാണായാമം, ജാനു ശിരാസനം തുടങ്ങിയവയാണ് പ്രമേഹത്തിന് പരിഹാരമായി പ്രധാനമായും നിർദേശിക്കുന്ന യോഗാസനങ്ങൾ.
2010ലാണ് പരിശീലകൻ ഐസക് എം. മുട്ടത്തേട്ടിൽ ഏതാനും സുഹൃത്തുക്കളുമായി പൂക്കോട്ടുംപാടത്ത് പതഞ്ജലി യോഗ പരിശീലനം ആരംഭിക്കുന്നത്. ആദ്യമൊക്കെ ആളുകൾ നന്നേ കുറവായിരുന്നെങ്കിലും ഇപ്പോൾ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുണ്ട് കൂട്ടായ്മയിൽ. പ്രമേഹത്തെ കൂടാതെ ആസ്ത്മ, അലർജി, നാഡീരോഗങ്ങൾ, ടെൻഷൻ, വിഷാദം തുടങ്ങിയവക്കും യോഗയിലൂടെ ആശ്വാസം കണ്ടെത്തുന്നുണ്ട്.
അമരമ്പലം ഉള്ളാട് ഗവ. എൽ.പി സ്കൂളിനു സമീപം പഞ്ചായത്ത് സൗജന്യ ഓപൺ ജിം തുറന്നതോടെ എല്ലാ ദിവസങ്ങളിലും രാവിലെ അഞ്ചോടെ വ്യായാമമുറകളുടെ ഭാഗമായ കളികളും ഞായറാഴ്ച യോഗ പരിശീലനവും നൽകിവരുന്നു. യോഗ കമ്പോളവത്കരിക്കുന്ന കാലത്ത് സൗജന്യ പരിശീലനത്തിലൂടെ ജനകീയമാക്കാനുള്ള തയാറെടുപ്പിലാണ് കൂട്ടായ്മ. അധ്യാപകരും സർക്കാർ ജീവനക്കാരും ഇതര ജോലികൾ ചെയ്യുന്നവരും വിദ്യാർഥികളും സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്ന സംഘമാണ് യോഗപരിശീലനത്തിനെത്തുന്നത്.
മാത്രമല്ല, യുവജനങ്ങളിൽ ശാരീരിക-മാനസിക ആരോഗ്യം കൈവരുത്തുന്നതോടൊപ്പം മറ്റു അസാന്മാർഗിക പ്രവർത്തനങ്ങളിൽനിന്ന് വഴിതിരിച്ചുവിടാനും പരിശീലനത്തിനാവുന്നുണ്ട്. പരസ്പരം പങ്കുവെക്കലിലൂടെ സംഘർഷങ്ങൾ കുറച്ച് വ്യക്തിബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മാസത്തിലൊരിക്കൽ ഒരു കുടുംബത്തിൽ ഒത്തുചേരുന്ന ‘പതഞ്ജലി സ്നേഹസംഗമം’ എന്ന പദ്ധതിയും നടപ്പാക്കിവരുന്നു.
‘വ്യായാമം ചെയ്യൂ, ജീവിതശൈലി മാറ്റൂ, കൂടെ ജീവിതശൈലീരോഗങ്ങളും’ മുദ്രാവാക്യവുമായി സമാന ചിന്താഗതിയുള്ള ക്ലബുകൾ, വായനശാലകൾ, ജിംനേഷ്യങ്ങൾ, മറ്റ് ആരോഗ്യസംരക്ഷണ സംരംഭങ്ങൾ എന്നിവയുമായി കൈകോർത്ത് യോഗ പരിശീലനം, ബോഡി ഫിറ്റ്നസ് ട്രെയിനിങ്, ബ്രീത്തിങ് എക്സർസൈസ് തുടങ്ങിയവ സൗജന്യമായി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് കൂട്ടായ്മ. ഉള്ളാട് കൾചറൽ ആൻഡ് ഹെൽത്ത് കമ്യൂണിറ്റി യോഗ കൂട്ടായ്മയുടെ പരിശീലനപ്രവർത്തനങ്ങൾക്ക് അബ്ദുൽ ഹമീദ് ലബ്ബ (ചെയർമാൻ), പി.എം. ബിജു മോൻ (വൈസ് ചെയർമാൻ), എം. ഐസക് (കൺവീനർ), വി.കെ. ബിനു, ടി. രമേശ് (ജോ. കൺ) എന്നിവരടങ്ങിയ സമിതിയാണ് നേതൃത്വം നൽകുന്നത്.