മുണ്ടിനീര്: ഭക്ഷണം എങ്ങനെ ക്രമീകരിക്കാം

മുണ്ടിനീര്: ഭക്ഷണം എങ്ങനെ ക്രമീകരിക്കാം

October 23, 2024 0 By KeralaHealthNews

പ്പോൾ വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്.

രണ്ട് വയസ്സ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും വാക്സിൻ എടുത്തിട്ടില്ലാത്ത കുട്ടികളെയുമാണ് സാധാരണയായി മുണ്ടിനീര് ബാധിക്കുന്നത്. അപൂർവ്വമായി കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കും മുണ്ടിനീര് വരാനുള്ള സാധ്യതയുണ്ട്. വർഷങ്ങൾക്ക് ശേഷം വാക്സിൻ പ്രതിരോധശേഷി കുറയുന്നതിനാലാണ് വാക്സിൻ സ്വീകരിച്ചവരിൽ മുണ്ടിനീര് വരാനുള്ള കാരണം. എന്നിരുന്നാലും മുണ്ടിനീർ അണുബാധയിൽ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം പൂർണ്ണമായും വാക്സിനേഷൻ എടുക്കുക എന്നതാണ്- (മീസിൽസ്-മംപ്സ്-റൂബെല്ല (എം.എം.ആർ) വാക്സിൻ.

മുണ്ടിനീർ കാരണം രോഗി ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് ഭക്ഷണം ചവയ്ക്കാനും ഇറക്കാനുമാണ്. ഈ സമയത്ത് ഭക്ഷണത്തിന്‍റെ കാര്യത്തിലും ഒരു ക്രമീകരണം വേണം.

  • മൃദുവായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം.
  • അധികം ചവക്കാതെ തന്നെ എളുപ്പം ഇറക്കാൻ പാകത്തിലുള്ള ഭക്ഷണങ്ങൾ നന്നായി വെന്തതിന് ശേഷമോ കൈ കൊണ്ട് ഉടച്ചോ കഴിക്കാൻ പറ്റുന്ന രീതിയിലോ കഴിക്കണം.
  • ഭക്ഷണത്തിന്‍റെ അളവ് കുറച്ച് തവണകൾ കൂട്ടി കഴിക്കുന്നതും നല്ലതാണ്.
  • ഓട്‌സ് അല്ലെങ്കിൽ മുത്താറി കാച്ചിയത്, പുഴുങ്ങിയ മുട്ട തുടങ്ങി ചവയ്ക്കാൻ എളുപ്പമുള്ള മൃദുവായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം.
  • അസിഡിറ്റി അല്ലെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. കാരണം ഇവ രോഗിക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കാൻ ഇടയാക്കും.
  • പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളാണ് ഏറ്റവും നല്ലത്. നാരടങ്ങിയ പച്ചക്കറികൾ, ഫ്രൂട്ട്സ് കൂടുതലായി ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. അധികമായി പുള്ളിയുള്ളതോ അസിഡിറ്റി ഉള്ളതോ ആയ പഴച്ചാറുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. ഇവ വേദന കൂട്ടാൻ കാരണമായേക്കാം.
  • ഭക്ഷണത്തിൽ ആൻറി ഓക്സിഡൻറുകൾ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
  • ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയ പച്ചക്കറികൾ, കുരുമുളക്, ബെറീസ്, ക്യാരറ്റ് എന്നിവ പോലുള്ള ഭക്ഷണങ്ങൾ രോഗപ്രതിരോധത്തിന് നല്ലതാണ്.
  • നിലവിൽ മുണ്ടിനീര് പ്രത്യേക ചികിത്സ ഇല്ല. പ്രധാനമായും സപ്പോർട്ടീവ് ചികിത്സ, രോഗീപരിചരണം, രോഗ സങ്കീർണതകൾ തടയൽ എന്നിവയാണ് ഫലപ്രദം.

 

പരോട്ടിഡ് പ്രദേശത്ത് വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോൾ കൃത്യമായ രോഗനിർണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ ബാക്ടീരിയകളോ മൂലമാകാം. രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും പനി കുറയ്ക്കുന്നതും വേദന കുറയ്ക്കുന്നതുമായ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരംമാത്രം ഉപയോഗിക്കുക.

രോഗം ബാധിച്ച ഉമിനീർ വഴിയാണ് വൈറസ് എളുപ്പത്തിൽ പടരുന്നത്. ചുമയോ തുമ്മലോ അല്ലെങ്കിൽ സംസാരം വഴി പുറത്തുവിടുന്ന രോഗബാധിതമായ വായു തുള്ളികൾ ശ്വസിച്ച് മറ്റ് ആളുകളിലേക്കും രോഗം പടരാം. രോഗബാധിതനായ വ്യക്തിയുമായി ഇടപഴകുമ്പോളോ നൃത്തം, ചുംബനം, സ്പോർട്സ് അല്ലെങ്കിൽ കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ തുടങ്ങിയ രോഗബാധയുള്ള ഉമിനീർ അടങ്ങിയ വസ്തുക്കൾ പങ്കിടുമ്പോളോ ആണ് രോഗം പടരുന്നത്.

ഒരാൾക്ക് മുണ്ടിനീർ ബാധിച്ചാൽ വൈറസ് മൂക്ക്, വായ, തൊണ്ട വഴി മറ്റ് ഗ്രന്ഥികളിലേക്ക് നീങ്ങുകയും അവിടെ അത് പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഗ്രന്ഥികളുടെ വീക്കം, ആർദ്രത എന്നിവയിലേക്ക് നയിക്കും. രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന് 1-2 ദിവസം മുമ്പും അവരുടെ ഉമിനീർ ഗ്രന്ഥികൾ വീർക്കാൻ തുടങ്ങുന്നതിന് കുറഞ്ഞത് അഞ്ച് ദിവസം മുമ്പും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷവും അവർക്ക് രോഗം പകരാം.

 

മുണ്ടിനീര് ലക്ഷണങ്ങൾ

പെട്ടെന്നുള്ള ഉയർന്ന പനി, അനോറെക്സിയ, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി കഴിഞ്ഞ് ഒന്ന് മുതൽ മൂന്ന് ദിവസം വരെ ഉമിനീർ ഗ്രന്ഥികൾ വേദനയേറിയതും വീർത്തതുമാകും. ഒന്നോ രണ്ടോ വശങ്ങളിലായി വീർക്കും. ഇത് രോഗിയുടെ മുഖത്തിന്‍റെ ആകൃതി നഷ്ടപ്പെടുത്തുകയും ഭക്ഷണം ചവയ്ക്കാനും ഉമിനീർ ഉൾപ്പടെ ഇറക്കുവാനും പ്രയാസപ്പെടുത്തുകയും ചെയ്യുന്നു. മുണ്ടിനീരിന്‍റെ ഒരു സ്വാഭാവിക ലക്ഷണമാണ് ഓക്കാനം. ഛർദ്ദി, പേശിവേദന, തലവേദന, ശരീര വേദന, തളർച്ച, വൃഷണ വീക്കം, വൃഷണ വേദന എന്നിവയും ലക്ഷണമായി വരാം. മുണ്ടിനീർ സമയത്ത് രോഗി കഠിനമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. സുഖം പ്രാപിക്കുന്നതുവരെ കായിക പ്രവർത്തനങ്ങൾ നിർത്തണം, വേദന കുറയ്ക്കാൻ ധാരാളം വിശ്രമിക്കണം.

(ഡയറ്റീഷ്യൻ / ന്യൂട്രീഷ്യനിസ്റ്റ് ആണ് ലേഖിക)