‘ഇനിയും മരണങ്ങൾ സംഭവിച്ചുകൂടാ, കീഴടങ്ങുന്നതേറെയും ചെറുപ്പക്കാരാണ്, ചികിത്സിക്കാൻ ഭയമാണിപ്പോൾ’; മഞ്ഞപിത്തം മുന്നറിയിപ്പുമായി ഡോക്ടർ
November 12, 2024കോഴിക്കോട്: ഇപ്പോൾ കണ്ടുവരുന്ന ഹെപറ്റൈറ്റീസ് എ എന്ന മഞ്ഞപിത്തം സങ്കീർണതകളേറെ നിറഞ്ഞതാണെന്നും ചികിത്സിക്കാൻ തന്നെ ഭയമാണെന്നുമുള്ള ഡോക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു. സംസ്ഥാനത്ത് അപകടകരമായ തോതിൽ മഞ്ഞപിത്തം പടർന്നു പിടിക്കുന്നുണ്ടെന്നും വിഷയം അതീവ ഗൗരവത്തോടെ എടുക്കണമെന്നും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ഡോ. വി.കെ ഷമീർ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
അത്യന്തം വേദനിപ്പിക്കുന്ന കാഴ്ചയാണ് എന്നും കാണുന്നത്. നേരത്തെ ഒരു രോഗവുമില്ലാത്ത ചെറുപ്പക്കാർ വളരെ പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുന്നു. ഇതിനൊരു അന്ത്യം കാണാൻ കഴിയുന്നില്ല. മുൻപൊക്കെ കരൾ സംബന്ധമായ രോഗികളിൽ ഹെപറ്റൈറ്റീസ് എ സ്ഥിരീകരിക്കുമ്പോൾ ആശ്വാസമായിരുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ട് ചികിത്സ ഫലം കാണുമായിരുന്നു. ഇന്ന് കാര്യങ്ങൾ സങ്കീർണമാണ്. മരണംവരെ സംഭവിക്കുന്നു. ചികിത്സിക്കാൻ ഭയമാണെന്നും ഡോക്ടർ പറയുന്നു.
നമ്മൾ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നതാണ് രോഗം പടരുന്നത് സൂചിപ്പിക്കുന്നത്. ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങൾ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നിങ്ങൾക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാൽ കിണറിൽ നിന്ന് മോട്ടോർ വെച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്ന് എടുത്തതോ ആവണമെന്നും ഡോകടർ മുന്നറിയിപ്പ് നൽകുന്നു.
ഡോക്ടറുടെ കുറിപ്പിന്റെ പൂർണ രൂപം
ഇന്നലെ അത്യാഹിത വിഭാഗത്തിൽ 25 വയസ്സായ ഒരു ചെറുപ്പക്കാരൻ. നാലഞ്ചു ദിവസത്തെ പനിയും ഛർദ്ദിയും തുടർന്ന് ശക്തമായ ക്ഷീണവും, കഴിഞ്ഞ ദിവസം മുതൽ പെരുമാറ്റത്തിൽ വ്യത്യാസം. ടെസ്റ്റുകളിൽ ഹെപറ്റൈറ്റീസ് എ. കരളിന്റെ പ്രവർത്തനം പൂർണമായും പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥ. ഇന്നലെ തന്നെ പ്ലാസ്മഫെറെസിസ് തുടങ്ങി. ഇന്ന് രാവിലെ കാണുമ്പോൾ വെന്റിലേറ്ററിൽ.
അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച. ഇത് ഒന്നാമത്തെയോ രണ്ടാമെത്തെയോ അല്ല. നിരവധി പേർ ഇതിനോടകം ഹെപറ്റൈറ്റീസ് എ ക്കു കീഴടങ്ങി കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാർ, നേരത്തേ ഒരു രോഗവും ഇല്ലാത്തവർ. എന്നാൽ ഇപ്പോഴും ഇതിനൊരു അന്ത്യം കാണാൻ കഴിയുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപറ്റൈറ്റീസ് എ യെ തുടർന്ന് അഡ്മിറ്റ് ആകുന്നുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്നത് പുറത്തു നിന്ന് റെഫർ ചെയ്തു വരുന്നവരും സങ്കീർണതകൾ ഉള്ളവരും ആകണമല്ലോ. അപ്പോൾ സമൂഹത്തിലെ അണുബാധയുടെ എണ്ണം ഊഹിക്കാമല്ലോ.
സാങ്ക്രമിക രോഗങ്ങൾ ചികിൽസിക്കുന്ന വിഭാഗത്തിന്റെ ഭാഗമായിട്ട് ഇരുപത് വർഷം ആവാറായി. കരൾ സംബന്ധമായ രോഗികളിൽ ഹെപറ്റൈറ്റീസ് എ സ്ഥിരീകരിക്കുമ്പോൾ എന്നും ഒരു സന്തോഷം ആയിരുന്നു.
“രണ്ടോ മൂന്നോ ദിവസം കൂടി ഛർദ്ദി ഉണ്ടാകും, അതു കഴിഞ്ഞു ലിവർ ടെസ്റ്റിലെ അളവുകൾ മെല്ലെ കുറഞ്ഞു തുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും ഒന്നും പേടിക്കണ്ട, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക”
ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെ അല്ല. പല തരം സങ്കീർണതകൾ, മരണം വരെ…. ചികിൽസിക്കുമ്പോൾ ഭയമാണിപ്പോൾ.
കാര്യങ്ങൾ ഇങ്ങനെ തുടരവേ നിത്യേന പുതിയ രോഗികൾ വരുന്നു എന്നത് ഒട്ടും ആശാവഹം അല്ല.ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ?
ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർത്ഥം. ഇപ്പോഴും നമ്മൾ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർത്ഥം.
വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തു നിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടിൽ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചു വെക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കിൽ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോൾ ചമ്മൽ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിൽ ആക്കി കൊണ്ടു പോവുക തന്നെ. പുറത്ത് നിന്നു തിളപ്പിച്ച ചായ, കാപ്പി പോലത്തെ പാനീയങ്ങൾ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം.
ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങൾ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നിങ്ങൾക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാൽ കിണറിൽ നിന്ന് മോട്ടോർ വെച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്ന് എടുത്തതോ ആവണം. നിങ്ങൾ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയിൽ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലിൽ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതേ പോലെ ആവണം. പകുതി തിളപ്പിച്ചതിൽ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കൽ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തം ഉള്ളതാണ്. നിങ്ങൾ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം.
കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. കാരണം തോന്നിയ വെള്ളം നിറച്ചു വിൽക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്ക് എടുക്കാതിരിക്കൽ ആണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീൽ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കിൽ വേറെ വഴികൾ ഇല്ലെങ്കിൽ ഉപയോഗിക്കാം. വീട്ടിൽ നിന്ന് കുപ്പിയും കൊണ്ട് നടക്കാൻ ഉള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്.
ഇനി ഇതിൽ ഒന്നും കാര്യങ്ങൾ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്‌സിനെ ആശ്രയിക്കാം.
കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിച്ചു കൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ്.