ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

November 5, 2024 0 By KeralaHealthNews

ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം മൂന്നുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപ്പ് കുറക്കുന്നത് വഴി ശരീരത്തില്‍ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ 17 ലക്ഷത്തിലധികംപേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും ബംഗളൂരുവിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിൽ പറയുന്നു. സോഡിയത്തിന്റെ അമിതോപയോഗം മൂലം കൂടിവരുന്ന മരണങ്ങളും അസുഖങ്ങളുമാണ് ഇത്തരത്തില്‍ ഒരു പഠനം നടത്താന്‍ കാരണമായത്.

പാക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന സോഡിയത്തിന്റെ അളവ് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. പഠന റിപ്പോർട്ട് പ്രകാരം ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കേണ്ട രാജ്യക്കാരുടെ പട്ടികയിൽ ആദ്യസ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിലെ പാക്കറ്റ് ഭക്ഷണങ്ങളിലെ അമിത സോഡിയം അളവ് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുണ്ട്.

ലോകാരോഗ്യസംഘടനയുടെ നിദേശപ്രകാരം ഒരു ദിവസം ഒരാള്‍ അഞ്ചുഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. അഞ്ചുഗ്രാം ഉപ്പിൽ രണ്ട് ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. ഉപ്പിന്റെ അളവ് കുറക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ലോകത്തിൽ മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.

പാക്ക് ചെയ്ത ഭക്ഷണങ്ങളിൽ സോഡിയം അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പഠനത്തിൽ പറയുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് ആളുകൾ കൂടുതൽ താൽപര്യം കാണിച്ചാൽ സോഡിയം അളവ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായേക്കാം. 

ലോകാരോഗ്യസംഘടനയുടെ സോഡിയം മാർ​ഗനിർദേശങ്ങൾ പാലിച്ചാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഉണ്ടാകുന്ന മൂന്നുലക്ഷത്തിലധികം മരണങ്ങളും പല വൃക്കരോഗങ്ങളും തുടക്കത്തിൽ തന്നെ തടയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു.

ലോകത്ത് 17 ലക്ഷം പേരുടെ ഹൃദയസംബന്ധമായ രോഗങ്ങളും ഏഴുലക്ഷം പേരുടെ വൃക്കരോഗങ്ങളും ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കുന്നതിലൂടെ തടയാൻ കഴിയും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചികിത്സയ്ക്കായി ചെലവഴിക്കുന്ന ഭീമന്‍ തുക ഒഴിവാക്കാനായി ദിനംപ്രതി കഴിക്കുന്ന ഉപ്പിന്റെ അളവിൽ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍