മുട്ടയുടെ വെള്ള മാത്രം കഴിക്കണോ, മുഴുവൻ കഴിക്കണോ? ഹൃദ്രോഗ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ

മുട്ടയുടെ വെള്ള മാത്രം കഴിക്കണോ, മുഴുവൻ കഴിക്കണോ? ഹൃദ്രോഗ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ

October 25, 2024 0 By KeralaHealthNews

ശരീരത്തിന് ദൈനംദിനം ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി പലരും മുട്ടയുടെ വെള്ള മാത്രം കഴിക്കാറുണ്ട്. എന്നാൽ മുട്ട ഒരു ഇൻഫ്ലമേറ്ററി പ്രോട്ടീൻ ആണെന്നും വെള്ളമാത്രം കഴിക്കുന്നത് ശരീരത്തിന് ഗുണമല്ലെന്നുമാണ് ഹൃദ്രോഗ വിദഗ്ധൻ ഡോ. അലോക് ചോപ്ര പറയുന്നത്.സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കുന്നത്. മുട്ടയുടെ മഞ്ഞയടക്കം കഴിച്ചാൽ മാത്രമേ ശരീരത്തിന് ഗുണം ചെയ്യൂ എന്നും അദ്ദേഹം പറയുന്നു.

അതേസമയം ഇത് ശരിയല്ലെന്നും, മുട്ടയുടെ വെള്ള മാത്രം കഴിച്ചാൽ ശരീരത്തിന് കേടുകൾ ഇല്ലെന്ന് സർജിക്കൽ ഗ്യാസ്ട്രോ എൻജിസ്റ്റ് ഡോ. നാദേന്ദല ഹസാരഥയ്യ പറഞ്ഞു. വലിയ അളവിലുള്ള പ്രോട്ടീനും നല്ല കൊളസ്ട്രോളും, അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ളതിനാൽ അവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധരംശില നാരായണ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടൻറ് ഡോ. മഹേഷ് ഗുപ്തയും ഡോ. നാദേന്ദല ഹസാരഥയ്യ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. മുട്ടയുടെ വെള്ളയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും നല്ല ഭക്ഷണമാണ് മുട്ടയെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ വീണ പറഞ്ഞു. മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ എ,ഡി,ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നും വീണ പറഞ്ഞു.

മുട്ടയുടെ ഗുണങ്ങൾ

ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 പ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് എന്നാല്‍ ഇതെല്ലം കൂടി എഴുപത് കലോറിയാണ് എന്നതാണ് കൗതുകകരമായ വസ്തുത. മുട്ടയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്നവയാണ്. ഇത് കാരണം പ്രോട്ടീന്‍ ജൈവ ലഭ്യത സ്‌കെയിലില്‍ മുട്ടയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കുട്ടികളില്‍ പ്രോട്ടീന്‍ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. മുതിര്‍ന്നവരില്‍ ലീന്‍ ടിഷ്യു , രോഗപ്രതിരോധ ശേഷി എന്നിവ നിലനിര്‍ത്താനും പ്രോട്ടീന്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തെ സഹായിക്കും. മുട്ടയുടെ വെള്ളയില്‍ ചില ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, റൈബോഫ്ലാവിന്‍, സെലിനിയം എന്നിവ അടങ്ങിയിരിക്കുമ്പോള്‍, മുട്ടയുടെ പോഷകഗുണത്തിന്റെ ഭൂരിഭാഗവും മുട്ടയുടെ മഞ്ഞയിലാണ് കാണപ്പെടുന്നത്.