റോബോട്ടിക് സർജറി യൂനിറ്റ് അർബുദ ചികിത്സയിൽ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പ്
January 15, 2024തിരുവനന്തപുരം: റീജനൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂനിറ്റ് അർബുദ ചികിത്സാ രംഗത്ത് കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂനിറ്റും ഹിപെക് ചികിത്സാ സംവിധാനം, പേഷ്യൻ വെൽഫെയർ ആൻഡ് സർവിസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം എന്നിവയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ചുരുക്കം ചില സ്ഥലങ്ങളിലും വിദേശത്തും മാത്രമാണ് റോബോട്ടിക് സർജറി സംവിധാനമുള്ളത്. ആർ.സി.സിയിൽ ഇത് ആരംഭിക്കുന്നത് അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണ് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂനിറ്റ് സ്ഥാപിച്ചത്. സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. രോഗിയുടെ വേദനയും ശസ്ത്രക്രിയക്കിടയിലെ രക്തസ്രാവവും ശസ്ത്രക്രിയയുടെ റിക്കവറി സമയവും കുറക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ശസ്ത്രക്രിയ വേളയിൽത്തന്നെ കീമോ തെറപ്പി നൽകാൻ കഴിയുന്നതാണ് ഹൈപ്പർ തെർമിക് ഇൻട്രാപെരിറ്റോണിയൽ കീമോതെറപ്പി അഥവാ ഹിപെക്. 1.32 കോടി ചെലവിലാണ് ഇത് സ്ഥാപിച്ചത്. റീബിൽഡ് കേരള ഇനിഷ്യേറ്റിവിലൂടെയാണ് തുക സർക്കാർ അനുവദിച്ചത്.