
എയ്ഡ്സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്
November 7, 2023കുവൈത്ത് സിറ്റി: എയ്ഡ്സിനെതിരായ പ്രതിരോധത്തിലും പോരാട്ടത്തിലും മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 94 ശതമാനവുമായി അറബ്, മിഡിലീസ്റ്റേൺ തലങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എയ്ഡ്സും പ്രത്യുൽപാദന രോഗങ്ങളും സംബന്ധിച്ച വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും എയ്ഡ്സിന്റെ സ്ഥിരം ദേശീയസമിതി മേധാവിയുമായ ഡോ. അൽ മുന്തർ അൽ ഹസാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
90/90/90 സൂചകമാണ് കുവൈത്ത് നേടിയത്. അതായത് രോഗബാധിതരായ 90 ശതമാനം ആളുകൾക്കും അവരുടെ അണുബാധയെക്കുറിച്ച് അറിയാം.
രോഗനിർണയം നടത്തിയവരിൽ 90 ശതമാനം പേർ ചികിത്സയിലാണ്. ചികിത്സിക്കുന്നവരിൽ 90 ശതമാനം പേർക്കും വൈറസ് ബാധ കണ്ടെത്താനാകാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
2035ഓടെ 95 / 95 / 95 ലക്ഷ്യം കൈവരിക്കുന്നതിന് ദ്രുതഗതിയിലുള്ള സ്ഥിരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിനുമുമ്പ് രാജ്യം ഈ ഫലത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഇപ്പോൾ നാലാമത്തെ 90 സൂചകം കൈവരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. 2030ഓടെ എല്ലാ രാജ്യങ്ങളും ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞാൽ, അണുബാധകളുടെയും മരണങ്ങളുടെയും എണ്ണം ഗണ്യമായി കുറയുമെന്നും അൽ ഹസാവി സൂചിപ്പിച്ചു.
എയ്ഡ്സ് പ്രതിരോധത്തിനായി മെഡിക്കൽ ടീമുകൾ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടറും പകർച്ചവ്യാധി ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. ജമാൽ അൽ ദുഐജ് വ്യക്തമാക്കി. 15 മിനിറ്റിൽ കൂടാത്ത കൃത്യവുമായ ഡയഗ്നോസ്റ്റിക് രീതികൾ നിലവിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയ്ഡ്സ്, ലൈംഗികരോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിലും കണ്ടെത്തുന്നതിലും മെഡിക്കൽമേഖല മുന്നേറിയതായി കോൺഫറൻസ് പ്രസിഡന്റും പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. ഒസാമ അൽ ബക്സാമി പറഞ്ഞു. എയ്ഡ്സ്, ലൈംഗികരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ സെഷൻ, അവബോധം, രോഗങ്ങളുടെ വ്യാപനം തടയൽ എന്നിവയെ കുറിച്ച അവതരണം, ചർച്ച എന്നിവ സമ്മേളനത്തിൽ നടന്നു.