സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥിരീകരിച്ചു
November 7, 2023തലശ്ശേരി: ജില്ല കോടതിയില്‍ ഭീതിയൊഴിയാതെ സിക വൈറസ്. തിങ്കളാഴ്ച ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സിക വൈറസ് ബാധിതരുടെ എണ്ണം ഒമ്പതായി. സമാന രോഗലക്ഷണം പ്രകടമായ ഒരു കുട്ടി ഉൾപ്പെടെ നാലു പേരുടെ രക്ത സാമ്പിൾ തിങ്കളാഴ്ച പരിശോധനക്കയച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസമായി ചികിത്സയിലുള്ള തലശ്ശേരി ജില്ല കോടതിയിലെ ജഡ്ജിക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് പോസിറ്റിവായതെന്ന് ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ. എം.പി. ജീജ പറഞ്ഞു.
വൈറസ് കൂടുതൽ പേരിലേക്ക് പകർന്നിട്ടുണ്ടെന്നാണ് പൊതുവേയുള്ള നിഗമനം. തിരുവനന്തപുരത്തുനിന്നുള്ള സ്റ്റേറ്റ് എൻഡമോളജി യൂനിറ്റ് അസി. ഡയറക്ടർ എം.എസ്. ശശിയുടെ നേതൃത്വത്തിലുള്ള ഉന്നതതല മെഡിക്കല്‍ സംഘം ഇന്നലെ കോടതിയിലെത്തി പരിശോധന നടത്തി. ഒരാഴ്ചക്കാലം സംഘം തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കും.
രോഗലക്ഷണങ്ങൾ കോടതിക്ക് പുറത്തുള്ളവരിലും ഉണ്ടെന്നാണ് വിലയിരുത്തൽ. കോടതിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് രോഗപ്രതിരോധ നടപടി ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.
ഗര്‍ഭിണികള്‍ക്ക് മുമ്പ് സിക രോഗലക്ഷണങ്ങള്‍ വന്നിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യണം. പനി ബാധിച്ച ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കും. ഈയൊരു സാഹചര്യത്തില്‍ ഡ്രൈഡേ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.