സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ
November 8, 2023തലശ്ശേരി: ഒമ്പത് പേർക്ക് സിക വൈറസ് സ്ഥിരീകരിച്ച തലശ്ശേരി ജില്ല കോടതിയിൽ രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കി. വൈറസ് ഭീതി അകറ്റാനുള്ള ബോധവത്കരണമടക്കമുള്ള പ്രവർത്തനങ്ങൾക്കായി എൻഡമോളജി അസി.ഡയറക്ടർ എം.എസ്. ശശിയുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരിയിൽ ക്യാമ്പ് ചെയ്ത് പുരോഗതികൾ വിലയിരുത്തുന്നുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംഘവും സ്ഥിതി നിരീക്ഷിക്കാനായി ചൊവ്വാഴ്ച തലശ്ശേരിയിലെത്തി. അടുത്തദിവസം ജില്ല കോടതി സന്ദർശിക്കും. അതിനിടെ, രോഗ ലക്ഷണങ്ങളുമായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ട് കോടതി ജീവനക്കാരുടെ രക്തസാമ്പ്ളുകൾ ഇന്നലെ പരിശോധനക്കായി ശേഖരിച്ചു. സിക പ്രതിരോധത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ കൂടുതൽ പേരെ ജില്ല കോടതി കേന്ദ്രീകരിച്ച് പരിശോധനക്കായി ചുമതലപ്പെടുത്തും.
ചൊവ്വാഴ്ച കോടതിയിൽ ജില്ല ജഡ്ജി നിസാര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു. കോടതിയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനമായി. കോടതി വളപ്പില്‍ പ്ലാസ്റ്റിക് അലക്ഷ്യമായി തള്ളുന്നതിനാല്‍ കൊതുക് പെരുകുന്നത് നിയന്ത്രിക്കാനാണ് തീരുമാനം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് കോടതിയില്‍ ആരും കൊണ്ടുവരാന്‍ പാടില്ല. കോടതിയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണമെങ്കില്‍ ജില്ല ജഡ്ജിയുടെ അനുമതി വാങ്ങണം.
യോഗത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവൻ, പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ല കോടതിയുടെ സമീപത്തുള്ള ചേറ്റംകുന്ന്, കൊടുവള്ളി വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേയും തുടങ്ങി. കോടതിയില്‍ രോഗ ലക്ഷണമുള്ളവര്‍ക്കായി ബുധനാഴ്ചയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ജഡ്ജി ഉൾപ്പെടെ ഇതുവരെ ജില്ല കോടതിയിൽ ഒമ്പത് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.