2022ൽ 75 ലക്ഷം ക്ഷയരോഗികൾ
November 8, 2023ന്യൂഡൽഹി: 2022ൽ 75 ലക്ഷം പേർക്ക് ക്ഷയരോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന. 1995 മുതൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ക്ഷയ രോഗം നിരീക്ഷിക്കാൻ തുടങ്ങിയ ശേഷം ഇത് റെക്കോഡാണ്. 2019ൽ 71 ലക്ഷം, 2020ൽ 58 ലക്ഷം, 2021ൽ 64 ലക്ഷം എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ രോഗബാധിതരുടെ കണക്ക്.
ക്ഷയ രോഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ ആഗോള റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കോവിഡ് കാരണം ആരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ മുൻ വർഷങ്ങളിൽ രോഗ നിർണയവും ചികിത്സയും വൈകിയിരുന്നു. ഇതുകാരണം രോഗവുമായി ബന്ധപ്പെട്ട ഈ വർഷങ്ങളിലെ കൂടുതൽ കണക്കുകൾ 2022ലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് വിലയിരുത്തൽ.