ജീവനാണ്, ശ്രദ്ധ വേണം
November 14, 2024ആരോഗ്യകരമായ ജീവിതശൈലി ഒരു മനുഷ്യനെ ആരോഗ്യവാനും ഊർജസ്വലനുമായി നിലനിർത്താനും അതുവഴി രോഗങ്ങൾക്കുള്ള സാധ്യത കുറക്കാനും സഹായിക്കുന്നു. എന്നാലിന്ന് നമ്മുടെ ജീവിതശൈലി പല രോഗങ്ങൾക്കും കാരണമാകുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ വരുമ്പോഴോ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴോ മാത്രമേ നാം നമ്മുടെ ജീവിതശൈലിയെക്കുറിച്ച് ആലോചിക്കാറുള്ളൂ. ജീവിതശൈലീരോഗങ്ങൾ അകറ്റുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് അതുവരെ സ്വീകരിച്ചുവന്ന ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതുതന്നെയാണ്. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചറിയാം.
പകർച്ചവ്യാധികൾ
മാലിന്യം വലിച്ചെറിയുന്ന ശീലം തെറ്റായ ജീവിതശൈലിയാണ്. ഇതുവഴി കൊതുകുകളും മറ്റു രോഗാണുക്കളും വളരുകയും അവ നമ്മുടെ ശരീരത്തിലെത്തുകയും ചെയ്യുന്നു. ആഹാരവസ്തുക്കൾ കൈകാര്യംചെയ്യുമ്പോൾ വ്യക്തിശുചിത്വമില്ലാത്തതുകൊണ്ട് രോഗാണുക്കൾ അവയിൽ കടന്നുകൂടുന്നു.
പ്രമേഹം
മാറിയ ജീവിതശൈലി കാരണം ഏതു പ്രായക്കാർക്കും പ്രമേഹം വരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം പലതരത്തിലുണ്ട്. ചെറുപ്രായത്തിൽ വരുന്ന ടൈപ്പ്-1 പ്രമേഹം, സാധാരണ കാണപ്പെടുന്ന ടൈപ്പ്-2 പ്രമേഹം, ഗർഭാവസ്ഥയിൽ കാണുന്ന ജെസ്റ്റേഷനൽ ഡയബറ്റിസ്, മരുന്നുകൾ മൂലമുള്ള പ്രമേഹം എന്നിവ അവയിൽ ചിലതാണ്. ചിട്ടയായ, ആരോഗ്യകരമായ ആഹാരക്രമീകരണമാണ് പ്രമേഹനിയന്ത്രണത്തിന്റെ അടിസ്ഥാന ഘടകം.
അമിതവണ്ണം
മനുഷ്യനെ ബാധിക്കുന്ന ഗൗരവമേറിയ ആരോഗ്യപ്രശ്നമാണിത്. തെറ്റായ ആഹാരരീതികൾ, അലസമായ ജീവിതശൈലി, വ്യായാമക്കുറവ്, ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവയെല്ലാം അമിതവണ്ണത്തിന്റെ കാരണങ്ങളാണ്.
ഹൃദ്രോഗം
വിഷാദരോഗം, മാനസികസമ്മർദം, ആഹാരരീതികൾ, വ്യായാമമില്ലായ്മ തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിന്റെ കാരണങ്ങളാണ്. ഹൃദയധമനികളിലെ ചിലയിടങ്ങളിൽ രക്തം കട്ടപിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയപേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണിത്. നടക്കുമ്പോൾ വേദന, ജോലി ചെയ്യുമ്പോൾ നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്.
രക്തസമ്മർദം
മാറുന്ന ജീവിതശൈലിയാണ് രക്തസമ്മർദം വർധിക്കുന്നതിനു കാരണം. എട്ടു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നതും വ്യായാമത്തിന്റെ പോരായ്മയുമെല്ലാം രക്തസമ്മർദം കൂടാനുള്ള കാരണങ്ങളാണ്. കൊഴുപ്പുള്ള ആഹാരവും പുകവലിയും ഉറക്കമില്ലായ്മയുമെല്ലാം രക്തസമ്മർദം കൂട്ടുന്നു.
വൃക്കരോഗം
വൃക്കരോഗത്തിന്റെ പ്രധാന സവിശേഷത രോഗം കലശലായതിനുശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് എന്നുള്ളതാണ്. വൃക്കരോഗങ്ങളെ പൊതുവിൽ രണ്ടായി തിരിക്കാം. വൃക്കകളുടെ പ്രവർത്തനം പൊടുന്നനെ കുറയുന്നതിനെ താൽക്കാലിക വൃക്കസ്തംഭനം അഥവാ Acute Kidney Injury എന്നു പറയുന്നു. Chronic Kidney Disease ആണ് മറ്റൊന്ന്. പുകവലി, മദ്യപാനം, കൊഴുപ്പ് നിറഞ്ഞ ആഹാരം, വ്യായാമക്കുറവ്, പ്രമേഹം എന്നിവയെല്ലാം വൃക്കരോഗത്തിന് കാരണങ്ങളാണ്.
അർബുദം
മാറിവന്ന ആഹാരരീതികൾ, കൃത്രിമ രുചികൾ തുടങ്ങിയവയെല്ലാം അർബുദസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. കൊഴുപ്പുകൂടിയ ആഹാരം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ സ്വാധീനം, വ്യായാമം ചെയ്യാനുള്ള മടി, പുകയിലയുടെ ഉപയോഗം, മദ്യപാനം തുടങ്ങിയവയെല്ലാം അർബുദത്തെ ക്ഷണിച്ചുവരുത്തുന്നു.
ആഹാരം നല്ല ശീലങ്ങൾ
ഓരോ വ്യക്തിയും എന്തു കഴിക്കണം എന്നുള്ളത് ആ വ്യക്തിയെ അനുസരിച്ചിരിക്കും. എങ്കിലും കൊഴുപ്പ് അടിഞ്ഞുകൂടാത്ത ആഹാരം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക. കൂടാതെ കഴിക്കുന്ന സമയം വയറു നിറച്ച് കഴിക്കാതിരിക്കുക. മൂന്നിൽ ഒരു ഭാഗം ആഹാരത്തിനും മറ്റൊരു ഭാഗം വെള്ളത്തിനും ഒന്ന് ഒഴിച്ചിടുകയും ചെയ്യുക. പ്രാതൽ മുടങ്ങാതെ കഴിക്കുകയും അത്താഴം നേരത്തേ കഴിക്കാൻ ശ്രമിക്കുകയും ചെയ്യണം. ദിവസവും എട്ടു മുതൽ പത്തു ഗ്ലാസ് വരെ ശുദ്ധജലം കുടിക്കുകയും വേണം.
ശീലിക്കാം വ്യായാമം
നമ്മുടെ ശരീരം ആരോഗ്യമുള്ളതാക്കാൻ വ്യായാമം അനിവാര്യമാണ്. ഇത് അമിതഭാരം കുറക്കാൻ സഹായിക്കും. വേഗത്തിലുള്ള നടത്തം ഏറ്റവും നല്ല വ്യായാമമാണ്. എത്ര വേഗത്തിൽ നടക്കാൻ കഴിയുന്നുവോ അത്രയും വേഗത്തിൽ നടന്നാൽ അതിന്റെ ഗുണം ലഭിക്കും. വ്യായാമത്തിനായി ജിമ്മിലോ ഫിറ്റ്നസ് കേന്ദ്രങ്ങളിലോ പോവണമെന്ന് നിർബന്ധമില്ല. നമ്മുടെ വീടും പരിസരവും വ്യായാമത്തിനായി ഉപയോഗിക്കാം.
കണ്ണുപൂട്ടി ഉറങ്ങാം
നല്ല ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണ്. മുതിർന്ന ഒരു മനുഷ്യന് ഏഴു മുതൽ ഒമ്പതു മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കുഞ്ഞുങ്ങളിലാകട്ടെ പ്രായത്തിനനുസരിച്ച് ഇതിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ഉറക്കമില്ലായ്മ, അമിതവണ്ണം, ഹൃദ്രോഗം, ദഹനത്തെ സംബന്ധിക്കുന്ന രോഗങ്ങൾക്ക് കാരണമാകാറുണ്ട്. കൃത്യമായ ഒരു സമയം ക്രമീകരിക്കൽ നന്നായി ഉറങ്ങാനുള്ള ഒരു മാർഗമാണ്. എന്നാൽ, ഉറക്കം അമിതമായാലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. അതും ശ്രദ്ധിക്കണം.
വിദഗ്ധ സഹായം തേടാം
ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ നയിക്കണമെന്ന് അറിയില്ലെങ്കിൽ നിങ്ങൾക്ക് വിദഗ്ധരുടെ സഹായം സ്വീകരിക്കാവുന്നതാണ്.ആരോഗ്യകരമായ ഡയറ്റ് ചാർട്ട് തയാറാക്കാൻ ഡയറ്റ് വിദഗ്ധരുമായി ബന്ധപ്പെടാം