ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം
October 6, 2023ജിദ്ദ: പൊതുജനങ്ങൾക്ക് ശരിയായ രോഗചികിത്സയെയും മരുന്നുപയോഗങ്ങളെയുംകുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാൻ ഏറ്റവും പ്രാപ്യരായ ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ ഫാർമസിസ്റ്റുകൾ കൂടുതൽ സജീവമായ ഇടപെടലുകൾ സമൂഹത്തിൽ നടത്തണമെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ്സ് ദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു.
‘ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന ഫാർമസിസ്റ്റുകൾ’ സന്ദേശവുമായി ജിദ്ദ സീസൺസ് റസ്റ്റാറന്റിൽ നടന്ന പരിപാടി ജിദ്ദ നാഷനൽ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ വി.പി. മുഷ്താഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യഹ്യ കാട്ടുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അൽ അബീർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹ്മദ് ആലുങ്ങൽ മുഖ്യാതിഥിയായിരുന്നു.
ഡോ. മുഹമ്മദ് ഫൈസൽ (കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി), ഡോ. വിനീത പിള്ള (അൽ റയാൻ ക്ലിനിക്), ഡോ. അബൂബക്കർ സിദ്ദീഖ് (ലീഡർ, എസ്.കെ.പി.എഫ് പാരാമെഡിക്കൽ വിങ്), സലാഹ് കാരാടൻ (ഇന്ത്യൻ വെൽഫെയർ ഫോറം), സി.എച്ച്. ബഷീർ (ഹജ്ജ് വെൽഫെയർ ഫോറം), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ഷമീം മുണ്ടൊട്ടിൽ (ട്രഷറർ, എസ്.കെ.പി.എഫ്), അൻവർ സാദത്ത് മക്ക, മഹേഷ് പള്ളിയാൽതൊടി റിയാദ് തുടങ്ങിയവർ സംസാരിച്ചു.
ഒ.സി. നവീൻ ചന്ദ് (പ്രസിഡൻറ്, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ), ഡോ. കെ.ജെ. ദിലീപ് (ആലപ്പുഴ മെഡിക്കൽ കോളജ്), ഷംന റിയാസ് (അൽ ഷിഫ കോളജ് ഓഫ് ഫാർമസി), റോബിൻ ജോർജ് (യു.കെ) എന്നിവർ ഓൺലൈൻ വിഡിയോ വഴി സദസ്സുമായി സംവദിച്ചു. ഡോ. ഷബ്ന കോട്ട (കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി) ലോക ഫാർമസിസ്റ്റ്സ് ദിന സന്ദേശം കൈമാറി. സെക്രട്ടറി യൂനുസ് മണ്ണിശ്ശേരി ഫാർമസി മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിച്ചു.
സാമൂഹിക സേവന സന്നദ്ധ പ്രവർത്തന മേഖലയിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന ഫാർമസിസ്റ്റുകൾക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം നൽകിവരുന്ന ഫാർമസി ലെജൻഡറി അവാർഡിന് തിരുവനന്തപുരം സ്വദേശി ബി.എസ്. ആതിര അർഹയായി. വിവിധ സന്നദ്ധ സേവന മേഖലകളിൽ സൗദിയിലെ പ്രവാസികൾക്കിടയിൽ പ്രശംസനീയ പ്രവർത്തനം നടത്തിയ ഫാർമസിസ്റ്റുകളായ ഇസ്മായിൽ അബൂബക്കർ മഞ്ചേരി, കെ.പി. യാസിർ, സൽമാൻ വെങ്ങളം മക്ക, മഹേഷ് പള്ളിയാൽതൊടി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ജാബിർ എക്കാടൻ സ്വാഗതവും പ്രോഗ്രാം കൺവീനർ നസീഫ് ഉമർ നന്ദിയും പറഞ്ഞു.