രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

October 5, 2023 0 By KeralaHealthNews

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ വിഭാഗം മേധാവി എന്നിവർക്കെതിരെയാണ് കേസ്.

ഞായറാഴ്ച ചികിത്സകിട്ടാതെ മരിച്ച അഞ്ജലി വാഗ്മോരെയുടെ പിതാവ് കാമാജിമോഹൻ ടോമ്പെയാണ് പരാതിനൽകിയത്. ഞായറാഴ്ചയാണ് മകൾ പ്രസവിച്ചത്. സുഖപ്രസവമാണെന്ന് ആദ്യം പറഞ്ഞ അധികൃതർ പിന്നീട് അഞ്ജലിക്ക് ഗുരുതരമായ രക്തസ്രാവമുള്ളതായി അറിയിച്ചു. ചെന്ന് കണ്ടപ്പോൾ മകളുടെയും കുഞ്ഞിന്റേയും അവസ്ഥ മോശമായിരുന്നു. ആവശ്യമായ മരുന്നുകളും രക്ത യൂനിറ്റും എത്തിച്ചെങ്കിലും ഡോക്ടർമാരുണ്ടായിരുന്നില്ല.

ചികിത്സ ലഭ്യമാക്കാൻ ഡീനിനെ കണ്ട് കെഞ്ചിയിട്ടും വാതിൽക്കൽ കാത്തുനിൽപിക്കുകയാണ് ചെയ്തത്. അഞ്ജലി പ്രസവിച്ചത് പെൺകുട്ടിയാണെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, ആശുപത്രി രേഖകളിൽ ആൺകുട്ടിയെന്നാണുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു.