ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

October 7, 2023 0 By KeralaHealthNews

വായുവും വെള്ളവും ആഹാരവുമൊക്കെ പോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് ഉറക്കം. ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം നമ്മൾ ഉറക്കമാണ്. 24 മണിക്കൂറിൽ എട്ട് മണിക്കൂർ നേരം മനുഷ്യർക്ക് ഉറങ്ങാം. ആ സമയം ഉറക്കത്തിന് വേണ്ടി മാത്രമുള്ളതാണ്, മറ്റെന്തിനെങ്കിലും വിനിയോഗിച്ചാൽ, ആയുര്‍ദൈര്‍ഘ്യം പോലും കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ചിലർക്ക് ജോലിത്തിരക്ക് കാരണം, ഉറങ്ങാൻ കഴിയാറില്ല, മറ്റു ചിലർ ഉറക്കം കളഞ്ഞ് നടക്കാനും ഓടാനുമൊക്കെ പോവുന്നു. രണ്ടും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഡോ. സുൽഫി നൂഹ് പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നത്.

ഡോക്ടറുടെ കുറിപ്പ്

ഉറങ്ങാതെ ഓടുന്നവരോട് !

നാലു മണിക്കൂറും അഞ്ചു മണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്, നടക്കുന്നവരോടാണ്! ഫൈവ് എ എം ക്ലബ് ഒക്കെ നല്ലതാണ്. പക്ഷേ എട്ടുമണിക്കൂർ കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങിയിട്ട് മതി 5 എ എം ക്ലബ് ഒക്കെ. ഉറക്കം ആരോഗ്യമാണെന്ന്, പറഞ്ഞ് തഴമ്പിച്ച ആ പഴയ തള്ള് വീണ്ടും വീണ്ടും പറഞ്ഞു വയ്ക്കാതെ വയ്യ! ഇന്നലെ കേട്ട ഒരു കഥ! 40 വയസ്സുകാരൻ 24 മണിക്കൂറിൽ 16 മണിക്കൂർ ജോലി. നാലു മണിക്കൂർ ഉറക്കം ഒരു മണിക്കൂർ നടത്തണം.

ആഹാരം കഴിക്കാനും കുളിക്കാനും പോലും സമയമില്ല. ജോലി ചെയ്യുന്ന 16 മണിക്കൂറിൽ ഏതാണ്ട് മുഴുവൻ ഭാഗവും കടുത്ത സ്ട്രസ്സ്. രോഗങ്ങൾ വന്നപ്പോഴാണ് തിരിച്ചറിവ്. ഉറക്കം തലച്ചോറിനെയും സർവ്വ നാഡി ഞരമ്പുകളെയും മനസ്സിനെയും സർവ്വതിനെയും യുവത്വത്തിൽ തന്നെ നിലനിർത്തും . എട്ടു മണിക്കൂർ 7 മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ രണ്ടു മണിക്കൂറോ അഞ്ചു മണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല.

ഈ അടുത്തകാലത്ത് ഒരു സൂപ്പർസ്റ്റാറിന്റെ വീരവാദം കേൾക്കാനിടയായി. അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാൻ പോകുമത്രേ. സൂപ്പർസ്റ്റാർ സാർ ആയാലും എട്ടു മണിക്കൂർ ഉറങ്ങണം കുറഞ്ഞത് 7. ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും ഉറക്കത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകും. രോഗ പ്രതിരോധശേഷിയെങ്കിലും കൂടും.

ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാൻ ഗുളിക തപ്പി ഒരു ഐടി ചേട്ടൻ എത്തിയിരുന്നു. പോയി ഉറങ്ങടോ എന്ന് ഞാൻ പറഞ്ഞു. ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്. അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും ഓടിയിട്ടും കാര്യമില്ല. തരികിട ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല. ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവർ സൂക്ഷിച്ചോളൂ!..

ഡോ സുൽഫി നൂഹു.