കാപ്പി പ്രതിദിനം നാലു കപ്പിൽ കൂടരുത്; ആറു രോഗങ്ങൾക്ക് സാധ്യത
January 14, 2023Saudi : കാപ്പിയുടെ അമിതമായ ഉപയോഗം കുറക്കാൻ മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയ ബോധവത്കരണം. കാപ്പി കുടിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന ‘കഫീൻ’ അമിതമാകുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്. അമിതമായ കാപ്പി ഉപയോഗം ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും അത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും. വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, തലവേദന, നെഞ്ചുവേദന എന്നിവ ‘കഫീൻ’ അമിതമായി കഴിക്കുന്നതിന്റെ ലക്ഷണങ്ങളായി വരാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കാപ്പിയുടെ വർധിച്ച ഉപയോഗം വ്യക്തിക്ക് ഉറക്കമില്ലായ്മ, ഓക്കാനം, ഭ്രമാത്മകത, പേശികളുടെ നിയന്ത്രണം നഷ്ടപ്പെടൽ എന്നിവയും അനുഭവപ്പെടുമെന്ന് ആരോഗ്യ ശാസ്ത്രപഠനങ്ങളെ ഉദ്ധരിച്ച് മന്ത്രാലയം ചൂണ്ടിക്കാട്ടി. പതിവായി കഫീൻ ഉപയോഗിക്കുന്ന ആളുടെ തലച്ചോറിനെ ചുറ്റിപ്പറ്റിയുള്ള രക്തക്കുഴലുകൾ ഇടുങ്ങിയതാക്കി മാറ്റുമെന്നും ഇത് രക്തസമ്മർദത്തിന് ഹേതുവാകുമെന്നും അമേരിക്കയിലെ വിസ്കോൺസനിലെ മയോ ക്ലിനിക്കിൽ ന്യൂറോളജിസ്റ്റായ കെല്ലി ടോൺസ്ട്രോം ചൂണ്ടിക്കാട്ടി.
കാപ്പി ധാരാളം കുടിക്കുന്ന ആളിന് കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നുകയും ഇത് മൂത്രാശയരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ കാപ്പി കുടിക്കുന്നതിന്റെ അളവ് ശ്രദ്ധാപൂർവം കുറവ് വരുത്തേണ്ടതാണ്. കഫീൻ അടങ്ങിയ പാനീയങ്ങൾ വലിയ അളവിൽ ഉപയോഗിക്കുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കാൻ വഴിവെക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. ശാന്തമായ ഉറക്കം വേണമെങ്കിൽ മണിക്കൂറുകൾക്കു മുമ്പെങ്കിലും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കണം. നിക്കോട്ടിൻ, കഫീൻ എന്നിവയുടെ ഫലങ്ങൾ ശരീരത്തിൽനിന്ന് മായ്ക്കാൻ മണിക്കൂറുകൾ എടുക്കുമെന്നും വൈദ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായും മന്ത്രാലയത്തിന്റെ ബോധവത്കരണ സന്ദേശത്തിൽ വ്യക്തമാക്കി.