ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനം
ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നാണ് പ്ലാസ്റ്റിക് സര്‍ജറി. മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്.
എന്താണ് പ്ലാസ്റ്റിക് സര്‍ജറി? കോസ്മറ്റിക് സര്‍ജറി (സൗന്ദര്യ വര്‍ധക ചികിത്സ) എന്ന ചികിത്സാ രീതിതന്നെയാണ് പ്ലാസ്റ്റിക് സര്‍ജറിയും എന്ന ധാരണയാണ് ഭൂരിഭാഗം ആളുകള്‍ക്കുമുള്ളത്. യഥാര്‍ഥത്തില്‍ ഇത് പ്ലാസ്റ്റിക് സര്‍ജറിയെന്ന വിപുലമായ ചികിത്സാ ശാഖയിലെ ഒരു ചെറിയ ശാഖമാത്രമാണ്. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. ‘രൂപാന്തരപ്പെടുത്തുക’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ സൗന്ദര്യാത്മകമായ ചികിത്സ മുതല്‍ അതീവ ഗൗരവതരമായ സാഹചര്യങ്ങളില്‍ നിന്ന് ജീവന് തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉള്‍പ്പെടുന്നു എന്നതാണ് ഈ ചികിത്സയുടെ സവിശേഷത. അതായത്
അപകടങ്ങളിലും മറ്റും ശരീരഭാഗങ്ങള്‍ മുറിഞ്ഞ് പോവുക, ആഴത്തിലുള്ള മുറിവുകള്‍ സംഭവിക്കുക, നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മമായ ധമനികള്‍ക്ക് ഛേദം സംഭവിക്കുക, ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മറ്റു സൗന്ദര്യപരമായ പരിമിതികള്‍ മുതലായവയെ അതിജീവിക്കുന്നത് മുതല്‍ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങള്‍ ചില കാന്‍സറുകള്‍, തീപ്പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുക തുടങ്ങിയ ജീവനെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥകളില്‍ ജീവന്‍ രക്ഷിക്കുന്ന ചികിത്സ നല്‍കുവാന്‍ സാധിക്കുന്ന വിഭാഗം കൂടിയാണ് പ്ലാസറ്റിക് സര്‍ജറി. രോഗികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് പുറമെ അപകടങ്ങളിലും മറ്റും ഗുരുതരമായി പരിക്കേല്‍ക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തവര്‍ക്ക് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരികെയെത്തുവാന്‍ പ്ലാസ്റ്റിക് സര്‍ജറി പരമപ്രധാനമാണ്. കാരണം അപകടങ്ങളുടേയും മറ്റും ഭാഗമായി ശരീരഭാഗങ്ങള്‍ മുറിഞ്ഞ് പോവുകയോ ആഴത്തില്‍ മുറിവേല്‍ക്കുകയോ,പൊള്ളുകയോ, ചെയ്താല്‍ ഈ ഭാഗം ചികിത്സിക്കുന്ന സമയത്ത് പലപ്പോഴും ധമനികളെയും ഞരമ്പുകളേയും പഴയ രൂപത്തില്‍ യോജിച്ച് ചേര്‍ക്കാന്‍ സാധിക്കാതെ വരും. ഇത് അവയവങ്ങളുടെ ചലനശേഷി കുറയുവാനോ നഷ്ടപ്പെടുവാനോ കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ തകരാര്‍ സംഭവിക്കുന്ന കണ്ണുകള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത സൂക്ഷ്മമായ ധമനികളെ പോലും സംയോജിപ്പിച്ച് രക്തപ്രവാഹവും സംവേദന ശേഷിയുമൊക്കെ തിരിച്ച് പിടിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി സഹായകരമാകും. അതായത് സൗന്ദര്യ വര്‍ധക ചികിത്സ എന്ന പൊതു ധാരണയ്ക്കപ്പുറം ജീവന്‍ രക്ഷാചികിത്സാ എന്ന മുഖം കൂടി പ്ലാസ്റ്റിക് സര്‍ജറിക്കുണ്ട് എന്ന് സാരം. പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി എന്നാണ് ഇന്ന് ഈ ചികിത്സാവിഭാഗത്തെ പൊതുവായി വിളിക്കപ്പെടുന്നത്.
പ്ലാസ്റ്റിക് സര്‍ജറിയും സ്ത്രീകളും:
സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല് ജീവന് രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില്‍ പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില്‍ നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് തന്നെയാണല്ലോ. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചാണ് ഇനി പറയുന്നത്.
1. ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്റ് ഓഗ്മെന്റേഷന്, ബ്രസ്റ്റ് റിഡക്ഷന്‍
സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുമെങ്കിലും നീക്കം ചെയ്യപ്പെടുന്ന സ്തനം സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മികച്ച രീതിയില്‍ തരണം ചെയ്യുവാന്‍ സ്തന പുനര്‍ നിര്‍മ്മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ പരിഹരിക്കുവാന്‍ ഓഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ട ചികിത്സാ രീതിയും സഹായകരമാകുന്നു.
കൂടാതെ അമിത സ്തന വളര്‍ച്ച ഉള്ളവര്‍ക്ക് അത് കുറയ്ക്കുവാന്‍ ആവശ്യമായ ചികിത്സയും ഇപ്പോള്‍ ലഭ്യമാണ്.
2. ഫേഷ്യല്‍ റിജുവനേഷന്‍
പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകള്‍ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാന്‍ ഫേസ് ലിഫ്റ്റ്, ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ രീതികള്‍ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും, വരകളും ചര്‍മ്മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.
3. ബോഡി കോണ്ട്യൂരിംഗ്
അമിതവണ്ണവും കൊഴുപ്പും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സാഹയകരമാകുകയും ചെയ്യുന്നു.
നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂങ്ങുന്നതും തടയാന്‍ സഹായകരമാകുന്ന ഫെയ്‌സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ലേസര്‍ പീല്‍, മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ഡെര്‍മാബ്രേഷന്‍, കണ്ണുകള്‍ക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാന്‍ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു
4. റൈനോപ്ലാസ്റ്റി, ഓട്ടോപ്ലാസ്റ്റി
മൂക്കിന്റെ അഭംഗി മുഖകാന്തിക്ക് സൃഷ്ടിക്കുന്ന വൈകൃതത്തെ അതിജീവിക്കുവാന്‍ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങള്‍ ഇല്ലാതാക്കുവാനും സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങള്‍ ജന്മനാലെ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു
5. അബ്‌ഡൊമിനോപ്ലാസ്റ്റി
പ്രസവത്തിന്റെയും മറ്റും ഭാഗമായി വയറിലെ ചര്‍മ്മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള് അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിവിധിയാണ് അബ്‌ഡൊമിനോപ്ലാസ്റ്റി. വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനേയും അമിത ചര്‍മ്മത്തേയും നീക്കം ചെയ്ത് വയറിലെ പേശികള്‍ ബലപ്പെടുത്തുന്ന രീതിയാണ് ഇതില്‍ അവലംബിക്കുന്നത്.
മുകളില്‍ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീര്‍ണതകള്‍ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സര്‍ജന്‍ തന്നെയാണെന്നും, അത്യാധുനിക സൗകര്യങ്ങളുള്ള ചികിത്സാകേന്ദ്രമാണെന്നും ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.
ഡോ.സാജു നാരായണന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് – പ്ലാസ്റ്റിക് സര്‍ജറി
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്

