ആരോഗ്യം മനസ്സിനും വേണം
October 27, 2024എട്ടു മണിക്കൂർ ജോലി, എട്ടുമണിക്കൂർ ഉറക്കം, എട്ടു മണിക്കൂർ വിനോദം… ഈ വാക്യത്തെ തിരുത്തിയെഴുതുന്നതാണ് പുതിയ തൊഴിൽ ശീലം. കൃത്യമായ ‘തൊഴിൽ മണിക്കൂറുകൾ’ ഇല്ലാതെ രാവിലെയോ രാത്രിയിലോ എന്ന വ്യത്യാസമില്ലാതെ ക്ലൈന്റ്സിന്റെ സമയത്തിനനുസരിച്ച് ജോലി ചെയ്യുന്നവരാണ് പുതിയ തൊഴിലിടങ്ങളിലെ ജീവനക്കാർ. ഒരു മനുഷ്യൻ ഉണർന്നിരിക്കുന്നതിൽ ഏറിയ സമയവും ചിലവഴിക്കുന്നത് അവരുടെ ജോലിസ്ഥലങ്ങളിലാണ്. അതുകൊണ്ടുതന്നെ മാനസികാരോഗ്യത്തെ അവഗണിക്കുന്നതിലൂടെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരിക വ്യക്തികളും അതോടൊപ്പം അവരടങ്ങുന്ന സ്ഥാപനങ്ങൾ കൂടിയായിരിക്കും.
മാനസിക സമ്മർദം (Stress), ബേർണ്ണൗട്ട് (Burnout), ഉത്കണ്ഠ (Anxiety), വിഷാദം (Depression) എന്നിവ തൊഴിലിടങ്ങളിൽ സാധാരണമായി കഴിഞ്ഞു. ഇതിന്റെ അനന്തരഫലമാകട്ടെ കുറഞ്ഞ ഉൽപാദകത്വം (Lower Productivity), വർധിച്ച അവധിയെടുക്കൽ (Higher Absenteeism), ഉയർന്ന ജോലി മാറ്റം എന്നിവയിൽ തുടങ്ങി ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിക്കുന്നു.
മാനസികാരോഗ്യത്തിൽ ഇൻവെസ്റ്റ് ചെയ്യുക എന്നത് ഒരു ധാർമ്മിക ബാധ്യത മാത്രമല്ല, മറിച്ച് അതൊരു ബിസിനസ് സെൻസ് കൂടെയാണ്. മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടങ്ങളിലേക്ക് കണ്ണോടിച്ചാൽ അത് എളുപ്പത്തിൽ വ്യക്തമാവും.
- ഉത്പാദന വർധനവ് (Increased productivity): മാനസിക പിന്തുണ ലഭിക്കുന്ന ജീവനക്കാർ കൂടുതൽ ഉത്സാഹവാന്മാരും കാര്യക്ഷമരുമായിരിക്കും.
- അഭാവം കുറയുന്നു (Reduced absenteeism): മാനസികാരോഗ്യ പ്രശ്നങ്ങളെ പരിഗണിക്കുന്നത് കുറഞ്ഞ അവധിയെടുക്കലിന് കാരണമാകും.
- ഉയർന്ന നിലനിൽപ്പ് (Better retention): മനസികാരോഗ്യമുള്ള തൊഴിലിടം ജീവനക്കാരുടെ വിശ്വാസ്യതയും നിലനിൽപ്പും വർദ്ധിപ്പിക്കുന്നു.
തൊഴിലിടങ്ങളിലെ സാധാരണമാനസികാരോഗ്യ പ്രശ്നങ്ങൾ
ജീവനക്കാരെ ബാധിക്കുന്ന മാനസികാരോഗ്യ വെല്ലുവിളികളെ മനസ്സിലാക്കുക എന്നതാണ് ആദ്യ ചുവട്. സാധാരണ പ്രശ്നങ്ങളിൽ ചിലത്:
- ബേർണ്ണൗട്ട് (Burnout): ദീർഘകാല മാനസിക സമ്മർദം (Stress), Work-life Balance ഇല്ലായ്മ എന്നിവ മൂലമുണ്ടാകുന്ന ക്ഷീണം.
- ഉത്കണ്ഠ (Anxiety): ഉയർന്ന ജോലിഭാരം, ജോലി സുരക്ഷയെക്കുറിച്ചുള്ള ഭയം, അല്ലെങ്കിൽ ജോലിസ്ഥലത്തെ തർക്കങ്ങൾ മൂലമുണ്ടാകുന്ന സമ്മർദം.
- വിഷാദം (Depression): മാനസിക സമ്മർദം, പിന്തുണയില്ലായ്മ, അല്ലെങ്കിൽ ജോലിയിൽ ഒറ്റപ്പെട്ടതായുള്ള അനുഭവം.
മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനായി സ്ഥാപനങ്ങൾ സ്വീകരിക്കാവുന്ന ചില പ്രായോഗിക നടപടികൾ
- പിന്തുണ നൽകുന്ന പ്രവർത്തനപരിസരം (Supportive Environment) സൃഷ്ടിക്കുക: മാനസികാരോഗ്യത്തെ കുറിച്ചുള്ള തുറന്നപറച്ചിലുകൾക്ക് വേദിയൊരുക്കുകയും അതുവഴി സഹായം തേടലിനോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്യുക.
- ജോലി-ജീവിത സമതുലനം (Work-Life Balance) പ്രോത്സാഹിപ്പിക്കുക: കൃത്യമായ ഇടവേളകൾ, ഇളവുകളടങ്ങിയ സമയക്രമം വ്യക്തിഗത സമയം മാനിച്ചുള്ള സമീപനങ്ങൾ വഴി ബേർണ്ണൗട്ട് ഒഴിവാക്കുക.
- മാനസികാരോഗ്യ വിഭവങ്ങൾ (Mental Health Resources) ലഭ്യമാക്കുക : കൗൺസലിംഗ് സേവനങ്ങൾ, മെന്റൽ ഹെൽത്ത് വർക്ഷോപ്പുകൾ, സഹായ പദ്ധതികൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക.
- മേധാവികൾക്കുള്ള പരിശീലനം: മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും, അവരുടെ സംഘത്തെ അനുയോജ്യമായി പിന്തുണയ്ക്കുന്നതിനും, വേണ്ട രീതിയിൽ പരിശീലനം നൽകുക.