‘ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകും’; തയാറെടുപ്പ് നടത്തണമെന്ന് വൈറോളജിസ്റ്റ്

‘ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകും’; തയാറെടുപ്പ് നടത്തണമെന്ന് വൈറോളജിസ്റ്റ്

August 30, 2024 0 By KeralaHealthNews

ന്യൂഡൽഹി: യു.എസിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്നും ഇത് നേരിടാനായി തയാറെടുപ്പുകൾ നടത്തണമെന്നും നോയിഡയിലുള്ള ശിവനാടാർ സർവകലാശാലയിലെ പ്രഫസറും വൈറോളജിസ്റ്റുമായ ദീപക് സെഗാൾ. വൈറസിന്‍റെ വ്യാപന ശേഷിയും മരണത്തിന്‍റെ തോതും വർധിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. മറ്റു രാജ്യങ്ങളിലേതു പോലെ ഗുരുതരാവസ്ഥ ഇന്ത്യയില്ലെങ്കിലും തയാറെടുപ്പ് അനിവാര്യമാണെന്ന് ദീപക് സെഗാൾ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.

“വൈറസ് മുൻപത്തേതിലും ശക്തമായ വ്യാപനശേഷി കൈവരിച്ചിട്ടുണ്ട്. മരണനിരക്ക് 26 ശതമാനവും വ്യാപനം 11 ശതമാനവും കൂടിയതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നിലവിൽ മറ്റു രാജ്യങ്ങളിലേതു പോലെ ഗുരുതരാവസ്ഥ ഇന്ത്യയില്ല. എന്നാൽ തയാറെടുപ്പ് അനിവാര്യമാണ്. ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള മാർഗങ്ങൾ അംവലംബിച്ച് നിലവിൽ നിരീക്ഷണം നടത്തുന്നുണ്ട്. നിലവിൽ യു.എസിലും ദക്ഷിണ കൊറിയയിലും വ്യാപിക്കുന്ന വൈറസ് വകഭേദം ഇന്ത്യയിൽ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അത്യാവശ്യമാണെങ്കിൽ വാക്സീൻ വീണ്ടും നൽകേണ്ടിവരും. മുൻകരുതൽ എന്ന നിലയിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് വൈറസിനെ ചെറുക്കാൻ സഹായിക്കും” -ദീപക് സെഗാൾ പറഞ്ഞു.

യു.എസിലെ 50ൽ 25 സംസ്ഥാനങ്ങളിലും പുതിയ കോവിഡ് കേസുകൾ വ്യാപകമാകുന്നതായാണ് വിവരം. ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും വലിയ വർധനയുണ്ട്. ജൂൺ 24നും ജൂലൈ 21നും ഇടയിൽ 85 രാജ്യങ്ങളിലായി 17,358 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാലയളിൽ ഇന്ത്യയിൽ 908 പുതിയ കേസുകളും രണ്ട് കോവിഡ് മരണവുമുണ്ടായി. ഒമിക്രോൺ വകഭേദത്തിൽപ്പെട്ട കെ.പി ഉപവിഭാഗമാണ് ഇപ്പോൾ വ്യാപകമാകുന്ന കോവിഡ് വൈറസ്. ഒമിക്രോൺ ജെ.എൻ 1ൽനിന്ന് പരിണമിച്ച കെ.പി 2 ഉപവിഭാഗം കഴിഞ്ഞ ഡിസംബറിൽ ഒഡിഷയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ 279 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. അസം, ന്യൂഡൽഹി, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകൾ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ജൂലൈയിൽ പാർലമെന്‍റിൽ വ്യക്തമാക്കി.