സർജറിയിൽ സി.എം.ഇ പരിപാടിയുമായി സുഹാർ ബദർ അൽ സമ
July 8, 2024മസ്കത്ത്: സുഹാർ ബദർ അൽ സമാ ഹോസ്പിറ്റൽ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൽ തുടർ മെഡിക്കൽ വിദ്യാഭ്യാസ (സി.എം.ഇ) പരിപാടി സംഘടിപ്പിച്ചു.
രോഗികളുടെ പ്രയോജനം ലക്ഷ്യമിട്ട് മേഖലയിലെ ആരോഗ്യ പരിപാലന വിദഗ്ധരുടെ വൈദഗ്ധ്യവും അറിവും വർധിപ്പിക്കുന്നതിന് മെഡിക്കൽ വൈദഗ്ധ്യം പങ്കുവെക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഹെമറോയ്ഡ് ചികിത്സയിലെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളെക്കുറിച്ച് ലാപ്രോസ്കോപ്പിക് ആൻഡ് ജനറൽ സർജറി ആൻഡ് പ്രോക്ടോളജി കൺസൾട്ടന്റായ ഡോ. സുകുമാരൻ വെങ്ങയിൽ സംസാരിച്ചു. ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പുരോഗതികളും എടുത്തുകാണിക്കുകയും ചെയ്തു. സ്പെഷലിസ്റ്റ് ജനറൽ സർജൻ ഡോ.കെ.കെ.ജയകുമാർ പൈലോനിഡൽ സൈനസിനെ ചികിത്സിക്കുന്നതിനുള്ള നൂതന മാനേജ്മെന്റ് ടെക്നിക്കുകളെക്കുറിച്ചുള്ള വൈദഗ്ധ്യം പങ്കുവെച്ചു. പിത്തസഞ്ചിയിലെ കല്ലുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സ്പെഷലിസ്റ്റ് ജനറലും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ.എസ്. അക്ബർ ചർച്ച ചെയ്തു. വടക്കൻ ബാത്തിന, ബുറൈമി മേഖലകളിൽ നിന്നുള്ള 80ലധികം ഡോക്ടർമാർ പങ്കെടുത്തു.
ആരോഗ്യ മന്ത്രാലയം സുഹാർ ഹോസ്പിറ്റലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ.ഹതേം അൽ സാദി, ആരോഗ്യ മന്ത്രാലയം ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ. ഖാലിദ് അൽ ബലൂഷി, ഡോ. താഹിർ അൽ ബലൂഷി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു. റീജയനൽ ഹെഡ് മനോജ് കുമാർ, സോണൽ മാർക്കറ്റിങ് ഹെഡ് ഷേക്ക് ബഷീർ, ബ്രാഞ്ച് ഹെഡ് മിഥേലേഷ് മുരളി എന്നിവർ വിശിഷ്ടാതിഥികളെ സ്വീകരിച്ചു.
സുഹാറിലെ ബദർ അൽ സമ ഹോസ്പിറ്റലും സുഹാറിലെ ആരോഗ്യ മന്ത്രാലയം ഹോസ്പിറ്റലും തമ്മിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇവരുടെ സാന്നിധ്യമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഇ.എൻ.ടി സർജൻ ഡോ. പ്രതിഭ അജയകുമാർ സ്വാഗതവും മാർക്കറ്റിങ് ഹെഡ് ഷെയ്ക് ബഷീർ നന്ദിയും പറഞ്ഞ. ഡോ. പ്രീത മോഹൻ പരിപാടി നിയന്ത്രിച്ചു.