ഓർക്കുക, മറവി അരികെയുണ്ട്

ഓർക്കുക, മറവി അരികെയുണ്ട്

July 7, 2024 0 By KeralaHealthNews

മറവി എല്ലായ്പോഴും ഒരു രോഗലക്ഷണമാകണമെന്നില്ല. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമേറിയവർക്കും ഒക്കെ എപ്പോഴെങ്കിലും മറവി അനുഭവപ്പെട്ടിട്ടുണ്ടാകാം. എന്നിരുന്നാലും വാർധക്യത്തിൽ മറവി കൂടുതലായി കാണപ്പെടുന്നു.

ജനനം മുതൽ മരണം വരെ നമ്മൾ കണ്ടും കേട്ടും രുചിച്ചും മണത്തും സ്പർശിച്ചും അനുഭവിച്ചുമറിഞ്ഞ കാര്യങ്ങൾ തലച്ചോറിൽ ഹൃസ്വ-ദീർഘകാല ഓർമകളായി ​ശേഖരിക്കപ്പെടുകയും ആവശ്യം വരുമ്പോൾ ഞൊടിയിടയിൽ ഓർത്തെടുക്കാനും കഴിയുന്ന അതിസങ്കീർണവും അത്ഭുതകരവുമായ പ്രതിഭാസമാണ് ‘ഓർമ’. ആകാശത്തിൽ കാണുന്ന കോടാനുകോടി നക്ഷത്രങ്ങൾ പോലെ, ഏകദേശം 8600 കോടി നാഡികോശങ്ങളാൽ നിർമിതമാണ് നമ്മുടെ കൊച്ചുതലച്ചോറ്. ഓരോ നാഡീകോശവും ഏകദേശം 7000ത്തിൽപരം ‘സിനാപ്റ്റിക്’ കണക്ഷനുകളിലൂടെ മറ്റ് നാഡീകോശങ്ങളുമായി പരസ്പരം ഇഴചേർന്നിരിക്കുന്നു. ഈ അത്ഭുത സംവിധാനത്തിലൂടെ ഏകദേശം 25 ലക്ഷം ജി.ബി ഡേറ്റ സൂക്ഷിക്കാനാകും!

ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തലച്ചോറിനും വാർധക്യസഹജമായ മാറ്റങ്ങളുണ്ടാകുന്നു. നാഡീകോശങ്ങൾ ക്രമേണ നശിക്കുന്നതിനാൽ അവയുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നു. പ്രതിവർഷം ഏകദേശം 0.5 ശതമാനം നാഡീകോശങ്ങൾ നഷ്ടപ്പെടാം. ഓർമ നിലനിർത്തുന്നതിന് ഉതകുന്ന തലച്ചോറിലെ പ്രധാന ഭാഗങ്ങളാണ് ‘ഹിപ്പോകാമ്പസ്’, ​‘സെറിബ്രൽ കോർട്ടക്സ്’, പ്രീ ഫ്രോണ്ടൽ കോർട്ടക്സ് എന്നിവ. ഈ ഭാഗങ്ങളിലെ നാഡീകോശങ്ങളുടെ നഷ്ടവും പ്രവർത്തനക്ഷമതയിലുണ്ടാകുന്ന കുറവും മറവിക്ക് കാരണങ്ങളാണ്.

മറവി ‘രോഗ’മാകുന്നതെപ്പോൾ

65 വയസ്സിന് മുകളിലുള്ള 40 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മറവികൾ കാണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ബന്ധുമിത്രാദികളുടെ പേരുകൾ മറക്കുക, താക്കോൽ വെച്ച സ്ഥാനം ഓർക്കാൻ കഴിയാതിരിക്കുക, കടയിലെത്തു​മ്പോൾ വാങ്ങാനുദ്ദേശിച്ച സാധനം മറക്കുക, പുതുതായി ഓർക്കാൻ ശ്രമിച്ച സ്ഥലപ്പേര് മറക്കുക മുതലായവ സാധാരണ വാർധക്യസഹജമാണ്. എന്നാൽ, സ്വന്തം കുടുംബാംഗങ്ങളുടെ പേര് മറന്നുപോകുക, നിത്യവും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കളുടെ പേര് മറക്കുക, വീട്ടിലേക്കുള്ള വഴി മറക്കുക, മരുന്നുകൾ, ആഹാരം എന്നിവ കഴിച്ചത് മറക്കുക, അസ്വാഭാവികമായ പെരുമാറ്റം എന്നിവയെല്ലാം മറവി ​‘രോഗ’മാകുന്നതിന്റെ ലക്ഷണങ്ങളാണ്. മറവിരോഗത്തിന്റെ ​(ഡിമെൻഷ്യ) പ്രധാന കാരണങ്ങളിലൊന്നാണ് ‘അൾഷിമേഴ്സ്’ രോഗം. ഈ രോഗം തീവ്രമായാൽ നിത്യകർമങ്ങൾ ചെയ്യാനോ സ്വന്തം ശരീരം പോലും പരിപാലിക്കാനോ കഴിയാതാകാം. പരസഹായം കൂടാതെ ജീവിക്കാനാകാതെ പോകും.

രോഗ കാരണങ്ങൾ

  • പ്രായം കൂടുന്നതോടൊപ്പം മസ്തിഷ്‍കത്തിലെ നാഡീകോശങ്ങൾക്കുണ്ടാകുന്ന നാശം തലച്ചോർ ചുരുങ്ങാൻ കാരണമാകുന്നു.
  • നാഡീകോശങ്ങൾ പരസ്പരം വിവരങ്ങൾ കൈമാറുന്ന രാസവസ്തുക്കളായ ‘ന്യൂറോട്രാൻസ്മിറ്ററുകളുടെ’ അളവിലുണ്ടാകുന്ന കുറവ് ആശയവിനിമയത്തെ മന്ദീഭവിപ്പിക്കുന്നു.
  • നാഡീകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ‘ബീറ്റ-അമിലോയിഡ്’, ‘ടൗ’ (Tou) മുതലായ പ്രോട്ടീനുകൾ അവയുടെ പ്രവർത്തനക്ഷമത കുറക്കുന്നു.
  • പ്രായം കൂടുന്നതിനനുസരിച്ച് തല​ച്ചോറിലേക്കുള്ള രക്തചംക്രമണം കുറയുന്നത് നാഡീകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ, പോഷകങ്ങൾ മുതലായവ കിട്ടുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
  • തൈറോയ്ഡ് രോഗം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ, പ്രമേഹം, രക്താതിസമ്മർദം, സ്ട്രോക്ക് മുതലായ രോഗങ്ങളും ഓർമയെ ബാധിക്കാം.
  • നാഡീകോശങ്ങളിലെ ജനിതകഘടകങ്ങളായ ഡി.എൻ.എക്കുണ്ടാകുന്ന കേടുപാടുകൾ സാധാരണഗതിയിൽ പരിഹരിക്കാൻ അവക്ക് കഴിയും. എന്നാൽ, പല കാരണങ്ങളാൽ ഇതിനുണ്ടാകുന്ന അപര്യാപ്തത നാഡീകോശങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകും.
  • പുകവലി, മദ്യപാനം, അലസത ഇവയൊ​ക്കെ മറവി കൂട്ടുന്ന ജീവിതശൈലികളാണ്. പോഷകാഹാരക്കുറവ്, നീണ്ടുനിൽക്കുന്ന മാനസിക സമ്മർദം, ഉത്കണ്ഠ തുടങ്ങിയവ മറ്റ് കാരണങ്ങളാണ്.

പ്രതിരോധിക്കാം

മറവി ഒരുപരിധിവരെ പ്രതിരോധിക്കാനാകും.

  • നിത്യവ്യായാമം പുതുനാഡീകോശങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു. കൂടാതെ ഇവയുടെ തലച്ചോറിലേക്കുള്ള രക്തചംക്രമണവും കൂട്ടുന്നു. മനസ്സിനെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തികളായ ‘പസിലുകൾ’, വായന, പുതിയ കഴിവുകൾ പഠിക്കുന്നത്, സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെടുന്നത് ഒക്കെ നാഡീകോശങ്ങളുടെ നഷ്ടനിരക്ക് കുറക്കും.
  • ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ കുറക്കുന്ന പ്രാർഥന, യോഗ മുതലായവ നാഡികളുടെ ആരോഗ്യം വർധിപ്പിക്കും.
  • ദിവസവും 7-9 മണിക്കൂർ ഉറക്കം നാഡീകോശങ്ങളിലുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിന് സഹായമാകും.
  • പുകവലി, മദ്യപാനം ഉപേക്ഷിക്കുക
  • രക്താതി സമ്മർദം, പ്രമേഹം, കൊഴുപ്പുകൾ എന്നിവ നിയന്ത്രണവിധേയമാക്കുക.
  • ധാരാളം പോഷകങ്ങളടങ്ങിയ പച്ചക്കറികൾ, ഫലവർഗങ്ങൾ, ഒമേഗാ-3 ഫാറ്റി ആസിഡ് ലഭിക്കുന്ന മത്സ്യങ്ങൾ, വാൾനട്ട്, നല്ല കൊഴുപ്പുകൾ, ധാരാളം ഇലക്കറികൾ എന്നിവയൊക്കെ നിത്യവും ആഹാരത്തിൽ മൂന്നു നേരവും ഉൾപ്പെടുത്തുക.