ഇടുക്കി ജില്ലയിൽ ആശുപത്രികൾ നിറയുന്നു
July 2, 2024തൊടുപുഴ: കാലവർഷം ശക്തമായതോടെ ജില്ലയിൽ പനിയടക്കം പകർച്ചവ്യാധികൾ വ്യാപകമായി. വൈറൽപനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർധനയുണ്ട്. എലിപ്പനിയും മഞ്ഞപ്പിത്തവും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതും ആശങ്കക്കിടയാകുന്നു. പനിബാധിതരുടെ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള ചികിത്സ കേന്ദ്രങ്ങളിൽ നിന്നുതിരിയാൻ ഇടമില്ലെന്ന സ്ഥിതിയാണ്. ആയിരക്കണക്കിനാണ് ആളുകളാണ് ദിവസേന പനി ബാധിച്ച് ചികിത്സ തേടുന്നത്.
വൈറൽപനി ബാധിച്ച് മാത്രം തിങ്കളാഴ്ച 465 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ജൂണിൽ 6752 പേർ വൈറൽ പനി ബാധിച്ചു ജില്ലയിൽ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദ കേന്ദ്രങ്ങളിൽ ചികിത്സതേടിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ കണക്ക് ഇതിലും വർധിക്കും. പനി, ചുമ, ജലദോഷ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന കുട്ടികളുടെയും വയോധികരുടെയും എണ്ണവും കൂടിയിട്ടുണ്ട്.
ജൂണിൽ ജില്ലയിൽ 98 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒമ്പത് പേർക്ക് എലിപ്പനിയും 23 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെത്തുടർന്ന് ജൂണിൽ 1311 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ പനിയും പകർച്ചവ്യാധികളും ആശങ്ക വിതക്കുമ്പോഴും പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും അനുബന്ധ സ്റ്റാഫുകളും ഇല്ലാത്തതും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗികളെ വലക്കുന്നു.
മഴക്കാല പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലായി പൊതുജനങ്ങൾ വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നിവ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ ഒട്ടുമിക്ക രോഗകാരികളും ഏറ്റവും കൂടുതൽ പെരുകുന്നത് മഴക്കാലത്താണ്. മഴ കൂടുംതോറും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങിയവ വർധിക്കാനുള്ള സാഹചര്യമുണ്ടാകും.
അതിനാൽ വീടിനു ചുറ്റും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും വെള്ളവും മലിനമാകുന്നതുവഴി ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവക്കുള്ള സാധ്യതയും ഏറെയാണ്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണ സാധനങ്ങൾ നന്നായി പാകം ചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യണം. രോഗാണുബാധിതരായ എലി, കന്നുകാലി, മറ്റു വളർത്തുമൃഗങ്ങൾ എന്നിവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്.
അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ സുരക്ഷാ ഉപാധികൾ നിർബന്ധമായും ധരിക്കണം. പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽതന്നെ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.