കാളികാവിൽ പനിയും വയറിളക്കവും പടരുന്നു
July 2, 2024കാളികാവ്: മലയോരമേഖലയിൽ പനിയും ഛർദ്ദിയും വയറിളക്കവും പടർന്നതോടെ തിരക്കൊഴിയാതെ ആശുപത്രികൾ. കാളികാവ് സി.എച്ച്.സിയിൽ രോഗികൾ നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് പ്രദേശത്ത് രോഗവ്യാപനം കൂടുതലായത്. കാളികാവ് സി.എച്ച്.സിയിലെ ഐ.പി വാർഡുകളും സ്വകാര്യ ക്ലിനിക്കുകളിലും നിറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ മുന്നൊരുക്കവുമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കാളികാവ് സി.എച്ച്.സിയിൽ ദിനേന അഞ്ഞൂറിലേറെ പേരാണ് ചികിത്സതേടി ഒ.പിയിലെത്തുന്നത്. കാളികാവിന് പുറമെ ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂർ പഞ്ചായത്തുകളിൽനിന്നുപോലും ഇവിടെ രോഗികളെത്തുന്നുണ്ട്. വൈറൽ പനിയും വയറിളക്കവുമാണ് കൂടുതൽ കണ്ടുവരുന്നത്. ചർദ്ദി കൂടുതലും കുട്ടികളിലാണ് കാണുന്നത്.
രോഗികൾക്കുള്ള മരുന്നുകളും കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ലഭ്യമാണെണ് മെഡിക്കൽ ഓഫിസർ യു. മുഹമ്മദ് നജീബ് പറഞ്ഞു. സി.എച്ച്.സി പരിധിയിൽ മഞ്ഞപ്പിത്ത ബാധിതർ അഞ്ചിൽ താഴെ മാത്രമാണുള്ളത്. ഡെങ്കിപ്പനി കേസുകൾ വളരെ കുറവാണ്. വൈറൽ പനിയുടെ വ്യാപനമാണ് ഇപ്പോഴുള്ളത്.
സാധാരണ കാലവർഷക്കാലത്ത് ഉണ്ടാകുന്ന വൈറൽ പനിയാണ് ഇപ്പോൾ പടർന്നു പിടിച്ചിട്ടുള്ളത്. ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നത് തടയാൻ മുൻകരുതൽ സ്വീകരിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ പറഞ്ഞു. മഴക്കാലത്ത് ശുദ്ധജലസ്രോതസ്സുകൾ മലിനമാകാൻ സാധ്യത കൂടുതലാണ്. ഇത് തടയാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഞ്ഞപ്പിത്തം, ഡെങ്കിപ്പനി വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് ശക്തമായ പരിശോധനയും ബോധവത്കരണ പരിപാടികളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രോഗികളെത്തുന്ന കാളികാവ് സി.എച്ച്.സിയിൽ ജീവനക്കാരുടെ കുറവ് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു. മഞ്ഞപ്പിത്ത ബാധ തടയുന്നതിന്റെ ഭാഗമായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവൂ എന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി.