അമേരിക്കയിൽ ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി
June 14, 2024ന്യൂയോർക്ക്: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. മൂന്നംഗ കീഴ്ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്.
ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ, ഇതിനെതിരെ ഫെമിനിസ്റ്റ് സംഘടനകളും ഡെമോക്രാറ്റുകളും കടുത്ത പ്രതിഷേധത്തിലായിരുന്നു. 2000ൽ എഫ്.ഡി.എ ഫുഡ് (ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ) റെഗുലേറ്ററി അംഗീകാരം ലഭിച്ച ഈ ഗുളിക യു.എസിലെ 60 ശതമാനത്തിലധികം ഗർഭഛിദ്രങ്ങളിലും ഉപയോഗിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 2016ലും 2021ലും ഗുളികയുടെ ഉപയോഗം എളുപ്പമാക്കാൻ എഫ്.ഡി.എ നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, മുൻപ്രസിഡന്റ് ട്രംപ് നിയമിച്ച യാഥാസ്തികർക്ക് ഭൂരിപക്ഷമുള്ള കോടതി 2022ൽ ഇതിന് തടയിടുകയായിരുന്നു. തൊട്ടുപിന്നാലെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ മരുന്നിന് നിരോധനവും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വിഷയം നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ചൂടുള്ള ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും പ്രചാരണായുധമായി ഉയർത്തിക്കൊണ്ടുവരുന്നതിനിടെയാണ് പുതിയ ഉത്തരവ്. ഗർഭച്ഛിദ്രം എുപ്പമാക്കണമെന്ന വാദമാണ് ഡെമോക്രാറ്റുകൾക്കുള്ളത്. എന്നാൽ, പ്രത്യുൽപാദന സ്വാതന്ത്ര്യത്തിനാണ് റിപ്പബ്ലിക്കൻ പാർട്ടി ഊന്നൽ നൽകുന്നത്.
പുതിയ ഉത്തരവ് സ്വാഗതാർഹം -ബൈഡൻ
ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം എളുപ്പമാക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബൈഡൻ സ്വാഗതം ചെയ്തു. ആവശ്യമായ ചികിത്സ ലഭിക്കാനുള്ള സ്ത്രീകളുടെ അവകാശം പല സംസ്ഥാനങ്ങളിലും അപകടത്തിലാണെന്നും രാജ്യവ്യാപകമായി ഗർഭഛിദ്രം നിരോധിക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ അപകടകരമായ അജണ്ടയുടെ ഭാഗമാണ് മരുന്നിനെതിരെ ഉയർന്ന നീക്കങ്ങളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്നത് യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ മുഖ്യ ആവശ്യമാണ്. എന്നാൽ, സ്ത്രീയുടെ ആരോഗ്യ സംരക്ഷണത്തിന്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെയും മേലുള്ള സർക്കാർ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് ലിബറലുകൾ വാദിക്കുന്നു.