ദീർഘ കാലമായ വിവാഹ ബന്ധങ്ങളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

പിറ്റ്സ്ബർഗ് (യു.എസ്.): വിവാഹം കഴിഞ്ഞ ദീർഘകാലമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. 3,900 ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം മുതൽ 20 വർഷം വരെയായി ഒന്നിച്ച് കഴിയുന്നവരിലാണ് പഠനം നടത്തിയത്.

ഭാര്യയുടെയും ഭർത്താവിന്‍റെയും മനോഗതിയും ആർക്കൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നും കൃത്യമായ ഇടവേളകളിൽ അന്വേഷിച്ചാണ് പങ്കാളിയോട് തോന്നുന്ന സ്നേഹത്തിന്‍റെ അളവ് തിരിച്ചറിഞ്ഞ് ഡാറ്റ തയാറാക്കിയത്. ഇതിലാണ് ഭാര്യമാരിൽ പ്രണയവികാരങ്ങൾ ഭർത്താവിനേക്കാൾ വേഗത്തിൽ കുറയുന്നതായി തെളിഞ്ഞത്.

ദീർഘകാലമായി വിവാഹിതരായി കഴിയുന്ന സ്ത്രീകൾ കൂടുതലും വീട്ടുജോലികളിലും പാചകത്തിലുമാണ് സമയം ചെലവഴിക്കുന്നത്. വിവാഹിതരോ വിവാഹനിശ്ചയം കഴിഞ്ഞവരോ ആയ പുരുഷന്മാർ കൂടുതൽ സമയം വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നതായാണ് സൈക്കോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയത്.

പ്രണയമോഹവും പ്രണയവും കുറയുന്നുണ്ടെങ്കിലും അവ നിലനിൽക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്നാണ് പഠനം നടത്തിയ അമേരിക്കയിലെ പിറ്റ്‌സ്‌ബർഗിലെ കാർണഗീ മെലോൺ യൂനിവേഴ്‌സിറ്റി പ്രൊഫസർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *