12 ആയുര്വേദ, ഹോമിയോഡിസ്പെന്സറികള്ക്ക് ദേശീയ അംഗീകാരം
January 10, 2024കൊച്ചി: ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപതി വകുപ്പിലെയും ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായ 12 സര്ക്കാര് ആയുര്വേദ ഹോമിയോ ഡിസ്പെന്സറികള്ക്ക് എന്എ.ബി.എച്ച്. അംഗീകാരം ലഭ്യമായി. ഇതു സംബന്ധിച്ച സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യ മന്ത്രി വീണാ ജോര്ജ്ജ് തിരുവനന്തപുരത്ത് നടത്തി. നാഷണല് ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചത്. ആയുര്വേദ ഡിസ്പെന്സറികളായ തൃക്കാക്കര, എളങ്കുന്നപ്പുഴ, എടവനക്കാട്, വല്ലാര്പാടം,, തുരുത്തിക്കര, കീഴ്മാട്, പായിപ്ര, മലയാറ്റൂര് എന്നിവയും ഹോമിയോ ഡിസ്പെന്സറികളായ മരട്, മോനപ്പിള്ളി, വടവുകോട്, കുമ്പളങ്ങി എന്നിവയുമാണ് ഇപ്പോള് ദേശീയ അംഗീകാരത്തിന് അര്ഹമായത്.
ജില്ലയിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്ത്തുന്നതിന്റെ ഭാഗമായ പ്രവര്ത്തനങ്ങള് ത്വരിതഗതിയില് നടന്നുവരുന്നതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കല് ഓഫീസര് ഡോ: ഇ.എ സോണിയ, ഹോമിയോ ജില്ല മെഡിക്കല് ഓഫീസര് ഡോ: മേഴ്സി ഗോണ്സാല്വസ്, നാഷണല് ആയുഷ് മിഷന് ജില്ല പ്രോഗ്രാം മാനേജര് ഡോ: എം.എസ്. നൗഷാദ് എന്നിവര് അറിയിച്ചു.
എല്ലാവര്ക്കും യോഗാ പരിശീലനം, ഗര്ഭിണികളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം , വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നതോടൊപ്പം പകര്ച്ചവ്യാധി പ്രതിരോധം, ജീവിതശൈലീരോഗ നിയന്ത്രണം, ഓറല് ഹെല്ത്ത് കെയര്, മാനസിക ആരോഗ്യ സംരക്ഷണം, സാന്ത്വന പരിചരണം, ആശാപ്രവര്ത്തകരുടെ സേവനം തുടങ്ങി വിവിധ വിഭാഗങ്ങളായി പ്രത്യേക പ്രവര്ത്തനരീതികളിലൂടെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായ സര്ക്കാര് ആയുര്വേദ ഹോമിയോ ഡിസ്പെന്സറികള് കൂടുതല് ജനകീയമായിട്ടുണ്ട്.