പനിയിൽ വിറച്ച് തിരുവനന്തപുരം; ഒരാഴ്ചക്കിടെ ചികിത്സ തേടിയത് ഏഴായിരത്തിലേറെ പേർ
November 29, 2023തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ ഏഴായിരത്തിലേറെ പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ദിവസവും പുതുതായി ആയിരത്തിലധികം പേർ പനിമൂലം ചികിത്സ തേടുന്ന സാഹചര്യമാണ്. നൂറിനടത്ത് പേർക്ക് കിടത്തി ചികിത്സ വേണ്ടിവരുന്നു.
ഡെങ്കിപ്പനിയും ആശങ്കപ്പെടുത്തുന്ന വിധം വർധിക്കുന്നു. കഴിഞ്ഞയാഴ്ച പെരുമ്പഴുതൂർ സ്വദേശിയായ 59 കാരൻ മരിച്ചത് ചെള്ളുപനി മൂലമാണെന്ന് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ വലിയ തിരക്ക് ഒ.പിയിലുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിൽ 30 ലേറെ പേർക്ക് ഡെങ്കിപ്പനിയും നാലു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വള്ളക്കടവ്, ബീമാപള്ളി, അമ്പലത്തറ, പെരുമാതുറ തുടങ്ങിയ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപകമാണ്.
അരുവിക്കര, നെട്ടയം, കവടിയാർ, വെമ്പായം, പേരൂർക്കട, വക്കം, തോന്നയ്ക്കൽ, കരമന, വട്ടിയൂർകാവ്, പേട്ട, കരകുളം വിഴിഞ്ഞം, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പനിബാധിതരുടെ എണ്ണം കൂടുതൽ.
ഇടക്കിടെ പെയ്യുന്ന മഴയും വെള്ളക്കെട്ടും പനിപടരുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകാതെ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന സ്ഥിതി തലസ്ഥാന നഗരത്തിൽ വ്യാപകമായുണ്ട്. ഇത് കൊതുകുകൾ മുട്ടയിട്ട് വളരുന്ന സാഹചര്യമുണ്ടാക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കൊതുകുനിവാരണ നടപടികൾ കാര്യക്ഷമമല്ല. ഓടകൾ മിക്കതും മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത നിലയിലാണ്.
മഴക്കാലപൂർവ ശുചീകരണമെന്ന പേരിൽ നഗരസഭ പണം നീക്കിവക്കുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ഓടകൾ മഴവെള്ളം ഒഴുകിപ്പോകാനാവാത്തവിധം മാലിന്യം നിറഞ്ഞ നിലയിൽ തുടരുന്നു. ഗ്രാമീണമേഖലയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫിസർമാർ കലക്ടർമാരെ സ്ഥിതി അറിയിക്കാനും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് നിർദേശം.
ജില്ലകളിലെ ഹോട്ട് സ്പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.