
ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു
November 28, 2023ലണ്ടൻ: ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമായ എ(എച്ച്1എൻ2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി ലക്ഷണങ്ങളുണ്ടായിരുന്നെന്നും അതേസമയം പൂർണമായും രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.
ബ്രിട്ടനിലെ ദേശീയ പകർച്ചപ്പനി നിരീക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പതിവ് പരിശോധനയിലാണ് പന്നിപ്പനിക്ക് സമാനമായ വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ്. എന്നാൽ, രോഗബാധിതൻ പന്നികളുമായി അടുത്തിടപഴകിയിട്ടില്ല. രോഗബാധിതനുമായി അടുത്ത സമ്പർക്കമുണ്ടായ വ്യക്തികളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.
സാഹചര്യങ്ങൾ നിരന്തരമായി വിശകലനം ചെയ്യുകയാണെന്നും രോഗബാധ സ്ഥിരീകരിച്ച നോർത്ത് യോർക്ഷെയർ മേഖലയിൽ ആശുപത്രികളിലുൾപ്പെടെ മുൻകരുതൽ സ്വീകരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
ലോകത്താകമാനം കഴിഞ്ഞ 20 വർഷത്തിനിടെ 50ഓളം എ(എച്ച്1എൻ2)വി വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ യു.എസിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
പന്നിപ്പനിക്ക് കാരണമാകുന്ന ടൈപ്പ് എ ഇൻഫ്ലുവൻസ വൈറസുകൾ സാധാരണയായി പന്നികളിൽ മാത്രമാണ് കാണപ്പെടാറ്. അപൂർവ്വമായി പന്നികളിൽനിന്നും മനുഷ്യരിലേക്ക് പകരാറുണ്ടെങ്കിലും കൂടുതൽ പേർക്കും രോഗാവസ്ഥ ഉണ്ടാകാറില്ല.