ദേശീയ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് അവാര്‍ഡ് കേരളത്തിന്
November 26, 2023തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് അവാര്‍ഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്. ലഡാക്കില്‍ സംഘടിപ്പിച്ച 12മത് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് കോണ്‍ക്ലേവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ആശാധാര പദ്ധതിയുടെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും ഏകോപനത്തിനുമായി സി-ഡിറ്റ് ആണ് ആശാധാര പോര്‍ട്ടല്‍ വികസിപ്പിച്ചത്. 2000 പേര് രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രികള്‍ക്ക് രേഖപ്പെടുത്തി സൂക്ഷിക്കാനും ഇത് ജില്ല, സംസ്ഥാന തലങ്ങളില്‍ പരിശോധിച്ച് മരുന്നുകള്‍ സംഭരിക്കാനും, ഭരണപരമായ തീരുമാനങ്ങള്‍ക്കും ആശാധാര പോര്‍ട്ടല്‍ സഹായിക്കുന്നു. കേരളത്തില്‍ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നല്കി വരുന്നത്.