
‘കോവിഡാനന്തര ജീവിതശൈലി ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു’
November 25, 2023കണ്ണൂർ: കോവിഡാനന്തര ജീവിതശൈലി വ്യതിയാനങ്ങൾ യുവാക്കളിലും ചെറുപ്പക്കാരിലും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ) ഒഫീഷ്യൽ ട്രെയിനർ ഡോ. സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. കോവിഡിന് ശേഷം ഹൃദ്രോഗ സാധ്യതകൾ വർധിച്ചത് വാക്സിൻ വഴിയോ കോവിഡ് ചികിത്സ വഴിയോ അല്ലെന്ന് ഐ.സി.എം.ആർ പഠനങ്ങൾ വ്യക്തമാക്കിയ സ്ഥിതിക്ക്, ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനുള്ള സത്വരനടപടികളാണ് യുവസമൂഹം പിന്തുടരേണ്ടത്.
കുഴഞ്ഞുവീണുള്ള മരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഹൃദയ പുനരുജ്ജീവന ചികിത്സയായ സി.പി.ആർ പരിശീലനം വ്യാപക മാക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകർ ഈ പരിശീലനത്തിന് നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ നോർത്ത് മലബാർ ചാപ്റ്റർ കണ്ണൂരിൽ സംഘടിപ്പിച്ച സി.പി.ആർ പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ഡോ. ശെരീഖ്, പ്രഫ. സി.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.