മയക്കുമരുന്ന് നിയന്ത്രണം: യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യം – കുവൈത്ത്ആരോഗ്യമന്ത്രി
November 12, 2023കുവൈത്ത് സിറ്റി: രാജ്യത്ത് 81,072 പേര്‍ക്ക് ഡി അഡിക്ഷൻ കേന്ദ്രത്തില്‍ ചികിത്സാ സഹായം നല്‍കിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. എട്ട് വർഷത്തിനിടെയാണ് ഇത്രയും പേര് ചികിത്സ തേടി ആശുപത്രികളെ സമീപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് അംഗം ഡോ. മുഹമ്മദ് അൽ മഹന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോകാരോഗ്യ സംഘടനയുടെ ചികിത്സാ നിർദേശങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഡി അഡിക്ഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അൽ അവാദി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടികളാണ് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി സുപ്രീം നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
2015 ന് ശേഷം മയക്കുമരുന്ന് മൂലം രാജ്യത്ത് 268 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 894 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിന് അടിമപ്പെടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ പിടികൂടുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. മയക്കുമരുന്ന് നിയന്ത്രണം കർശനമാക്കാൻ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയതായും അൽ അവാദി പറഞ്ഞു.