വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

October 29, 2023 0 By KeralaHealthNews

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി സമർപ്പിച്ച വാക്‌സിൻ നയ ശിപാർശ പരിശോധിച്ച് കരട് നയം തയാറാക്കാനാണ് സമിതി രൂപവത്കരിച്ചത്.

ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. വി. മീനാക്ഷി അധ്യക്ഷയായ സമിതിയിൽ അഡീഷനൽ ഡയറക്ടർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. കെ. സന്ദീപ്, ഡോ. ബിപിൻ ഗോപാൽ, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ഷിബുലാൽ, മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അസി. പ്രഫസർ ഡോ.ടി.എസ്.അനീഷ്, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ഷാജി സുഗുണൻ എന്നിവർ അംഗങ്ങളാണ്.

സമിതി ഒരുമാസത്തിനകം റിപ്പോർട്ട് നൽകും. കഴിഞ്ഞ നവംബറിലാണ് ഡോ.ബി.ഇക്ബാൽ സമിതി ശിപാർശ സമർപ്പിച്ചത്. അടിയന്തരമായി നടപ്പാക്കേണ്ടവ, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ മൂന്നുഘട്ട ശിപാർശയാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.

വികസിത രാജ്യങ്ങളുടെ മാതൃകയിൽ 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്ലൂ വാക്സിൻ, 18ാം മാസം പോളിയോ വാക്സിൻ, ഹോട്ടൽ പാചകത്തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെപ്പറ്റൈറ്റിസ് എ എന്ററിക്ക് ഫീവർ വാക്സിൻ, എച്ച് വൺ എൻ വൺ മരണ സാധ്യത കുറക്കുന്നതിന് ഗർഭിണികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ എന്നിവക്ക് ശിപാർശ ഉണ്ടായിരുന്നു.

സ്‌കൂൾ പ്രവേശനസമയത്ത് എല്ലാ കുട്ടികളുടെയും വാക്സിനേഷൻ സ്ഥിതി വിലയിരുത്തണം. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നവരുടെ പരിശോധനാചെലവുകളും വാക്സിൻ ചെലവും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിച്ചിരുന്നു.