‘മെക് 7’; ആരോഗ്യകരമായ ജീവിതശൈലിയുടെ വ്യായാമ വിപ്ലവം
November 14, 2024മോശം ജീവിതശൈലിയാൽ മധ്യവയസ്സ് പിന്നിട്ടാല്‍ രോഗിയാകുന്ന വര്‍ത്തമാന മലയാള സമൂഹത്തില്‍ ആരോഗ്യകരമായ വ്യായാമ വിപ്ലവം തീര്‍ക്കുകയാണ് കൊണ്ടോട്ടിയുടെ സ്വന്തം ‘മെക് 7’. പ്രമേഹമുള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ ശാസ്ത്രീയവും ലളിതവുമായ വ്യായാമമുറകളിലൂടെ ‘മെക് 7’ തീര്‍ക്കുന്ന പ്രതിരോധം കണ്ടും പരിചയപ്പെട്ടും നേരിട്ടനുഭവിച്ചറിഞ്ഞും പതിനായിരങ്ങള്‍ കണ്ണികളായ ഈ ആരോഗ്യകൂട്ടായ്മയിപ്പോള് ദേശ വരമ്പുകള്ക്കതീതയായ ജനകീയ പ്രസ്ഥാനമായി വളരുന്നു.
തീർത്തും സൗജന്യം
ഫീസില്ല, രജിസ്ട്രേഷനില്ല, പ്രായഭേദമോ ലിംഗവ്യത്യാസമോയില്ല. ആരോഗ്യത്തിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും തയാറുള്ള മനസ്സു മാത്രം മതി ഊര്‍ജസ്വല ജീവിതശൈലി വീണ്ടെടുക്കാനുള്ള സൂത്രവാക്യമെന്ന് ഒറ്റവാക്കില്‍ ഈ വ്യായാമരീതിയെ വിശേഷിപ്പിക്കാം. 25 മിനിറ്റില്‍ പൂര്‍ത്തിയാക്കാവുന്ന, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ചലനമെത്തിക്കുന്ന യോഗയുള്‍പ്പെടെ ഏഴു രീതികളിലായി ചിട്ടപ്പെടുത്തിയ 21 വ്യായാമമുറകളാണ് ഇതിന്റെ പ്രത്യേകത.
ഏഴു മുറകളുടെ ‘മള്‍ട്ടി എക്സർസൈസ് കോമ്പിനേഷന്‍’
മെക് 7 എന്ന വ്യായാമശൈലിയെ അതിന്റെ ശില്പികൂടിയായ കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയും വിമുക്തഭടനുമായ പെരിങ്കടക്കാട് സ്വലാഹുദ്ദീന്‍ വിശേഷിപ്പിക്കുന്നത് വ്യത്യസ്തമായ ഏഴു മുറകളിലൂടെ പരിശീലിപ്പിക്കുന്ന ‘മള്‍ട്ടി എക്സർസൈസ് കോമ്പിനേഷന്‍’ എന്നാണ്. എയ്റോബിക്, ലളിത വ്യായാമം, യോഗ, ശ്വസനവ്യായാമം, അക്യുപ്രഷര്‍, ഓര്‍മശക്തി വീണ്ടെടുക്കാന്‍ മെഡിറ്റേഷന്‍, ഫേസ് മസാജ് എന്നീ ഏഴു വിഭാഗങ്ങളിലായി 21 വ്യായാമമുറകള്‍ ഇതില്‍ സംഗമിക്കുന്നു. ജീവിതശൈലീരോഗങ്ങളെ അകറ്റി ആരോഗ്യകരമായ ജീവിതത്തിന് വഴിതുറക്കുന്ന വ്യായാമമുറകള്‍ ഏതു പ്രായക്കാര്‍ക്കും ലളിതമായി ചെയ്യാമെന്നതാണ് പ്രത്യേകത. 25 മിനിറ്റിനുള്ളില്‍ 1750ലധികം ചലനങ്ങളിലൂടെ ശരീരത്തിന്റെ കാല്പാദം മുതല്‍ കണ്ണുകള്ക്കുവരെ ഗുണപരമാകുന്ന തരത്തിലെ വ്യായാമരീതികള്ക്കാണ് ഇതില്‍ പ്രാമുഖ്യം.
അനാരോഗ്യ ശൈലികളോട് ഗുഡ്ബൈ
2010ല്‍ പാരാമിലിട്ടറിയില്നിന്ന് സ്വയം വിരമിച്ച പെരിങ്കടക്കാട് സ്വലാഹുദ്ദീന്‍ സ്വന്തം നാടായ കൊണ്ടോട്ടി തുറക്കലിലേക്ക് തിരിച്ചത് സൈന്യത്തില്‍നിന്ന് സ്വായത്തമാക്കിയ ആരോഗ്യ പരിപാലനരീതികളില്നിന്ന് ചിട്ടപ്പെടുത്തിയ പുത്തന്‍ വ്യായാമശൈലിയിലൂടെ ആരോഗ്യകരമായ സമൂഹസൃഷ്ടി എന്ന നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു. അതിനൊരുക്കിയ കര്‍മപദ്ധതിയുമായി നാട്ടിലെ മധ്യവയസ്കരെയും മുതിര്‍ന്നവരെയും ഒപ്പംകൂട്ടി യോഗ ക്ലബ് എന്ന ആശയം പ്രാവര്‍ത്തികമാക്കി. വിരലിലെണ്ണാവുന്നവരുമായി 2012 ജൂലൈയില്‍ കൊണ്ടോട്ടിയിലാണ് പരിശീലനം ആരംഭിച്ചത്. തുടര്‍ന്നുള്ള 10 വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ‘മെക് 7’ എന്ന മള്‍ട്ടി എക്സർസൈസ് കോമ്പിനേഷന്‍ രൂപം നല്കി. ഇതിനിടെ പ്രായാധിക്യത്താലും ജീവിത ശൈലീരോഗങ്ങളാലും പ്രയാസങ്ങളനുഭവിച്ചിരുന്ന നിരവധി പേര് ഉൾപ്പെടെ സ്വലാഹുവിന്റെ വ്യായാമ മുറകളുടെ മേന്മ അനുഭവിച്ചറിഞ്ഞു.
ആരോഗ്യസംരക്ഷണത്തില്‍ വ്യായാമത്തിന്റെ പങ്കിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും നാട്ടുകാരുടെ നിരന്തരമുള്ള പ്രചോദനവുമായപ്പോള് പത്തു വര്‍ഷത്തിനുശേഷം 2022 ഒക്ടോബറില്‍ ‘മെക് 7’ എന്ന പേരിലേക്കു മാറിയ കൂട്ടായ്മയുടെ രണ്ടാമത്തെ കേന്ദ്രം അടുത്ത ഗ്രാമമായ പെരുവെള്ളൂരില് തുറന്നു. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ അകറ്റാനും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുക്കാനും വേദികളാകുന്ന ‘മെക് 7’ൽ സ്ത്രീപുരുഷ വ്യത്യാസവുമില്ലാതെ ആർക്കും പങ്കാളിയാകാം. ഈ കൂട്ടായ്മയിലൂടെ നാടിന്റെ സൗഹൃദവും സന്തോഷവും പാരസ്പര്യവും ഐക്യബോധവും വീണ്ടെടുക്കാനാകുന്നെന്നതാണ് ഏറ്റവും വലിയ ചാരിതാര്‍ഥ്യമെന്ന് സ്വലാഹുദ്ദീന്‍ പറയുന്നു.
ദേശാന്തരങ്ങള്‍ താണ്ടി കൂട്ടായ്മ
ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം മാനസികോല്ലാസത്തിന്റെയും പാരസ്പര്യത്തിന്റെയും വേദികളാകുന്ന മെക് 7 സൗജന്യ വ്യായാമ പരിശീലന കേന്ദ്രങ്ങള്‍ നാട് ഏറ്റെടുത്തതോടെ ദേശങ്ങളുടെ അതിര്‍വരമ്പുകളില്ലാത്ത കൂട്ടായ്മയായി വളരുന്നു. 586 കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ പല രാജ്യങ്ങളിലായി ഇതിൽ പങ്കാളികളാണ്. കൂട്ടായ്മയുടെ ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മലപ്പുറം ജില്ലക്കു പുറമെ കോഴിക്കോട്, കാസർകോട്, കണ്ണൂര്‍, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലും ജിദ്ദ, ദുബൈ, ഷാര്‍ജ, ദമ്മാം, ബ്രൂണെ തുടങ്ങിയ വിദേശ രാജ്യങ്ങളിലും മെക് 7 സജീവമാണ്. ഇതില്‍ വനിതകള്‍ക്കു മാത്രമായി ഇരുനൂറിലധികം കേന്ദ്രങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്. പഠിച്ചവരെല്ലാം പരിശീലകരാകുമ്പോള് വര്‍ധിക്കുന്ന മെക് 7 കേന്ദ്രങ്ങള്‍ ആരോഗ്യപരിപാലനത്തിന്റെ കാലികപ്രസക്തമായ സന്ദേശവും ശാസ്ത്രീയ ജീവിതശൈലിയും ഓരോയിടങ്ങള്‍ക്കും പകര്‍ന്നുനല്‍കുന്നു.