പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു
July 16, 2024അടിമാലി: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. മലേറിയ, ഡങ്കിപ്പനി, എലിപ്പനി എന്നിവയും പകർച്ച പനിയുമാണ് പടർന്ന് പിടിക്കുന്നത്. ജൂലൈയിൽ 41 ഡെങ്കിപ്പനിയും ഏഴ് മലേറിയയും 10 എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ദിവസവും 200നും 300നും ഇടയിൽ പകർച്ച പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് മലേറിയ കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ മലേറിയ റിപ്പോർട്ട് ചെയ്യുന്നത് ദേവികുളത്താണ്. ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് വെള്ളത്തൂവൽ പഞ്ചായത്തിലാണ്. ഇടുക്കിയിൽ നിന്ന് മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ഡെങ്കിപ്പനി പിടിക്കപ്പെട്ട് നിരവധിപ്പേർ ചികിത്സയിലുണ്ട്. ഇതിന്റെ വ്യക്തമായ കണക്ക് ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടില്ല.
മുൻകാലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ഫോഗിങ് ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ രോഗം പടരുന്ന പ്രദേശങ്ങളിൽ പോലും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പൊതുജനാരോഗ്യ വിഭാഗം മുന്നോട്ട് വരുന്നില്ല. മഴക്കാല മുന്നോരുക്കത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡിലും സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഈ ഫണ്ട് വിനിയോഗിച്ചില്ല. മഴക്കാലം കഴിയുമ്പോൾ വിവിധ പ്രവർത്തനങ്ങൾ നടത്തി ഫണ്ട് വകമാറ്റുകയാണെന്ന് ആക്ഷേപവും ഉയർന്നു. അതുപോലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർന്മാരും ഇല്ല.