കോവിഷീൽഡ് വാക്സിന് പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
May 1, 2024കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് കേരളത്തിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന വാർത്ത വാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാഴ്ത്തി. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സിൻ കാരണമാകാമെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചെന്നാണ് കഴിഞ്ഞ ദിവസം വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കേരളത്തിലടക്കം ഇന്ത്യൻ നിർമിത കോവാക്സിൻ അടക്കമുള്ള വാക്സിനുകൾ വിതരണം ചെയ്തിരുന്നെങ്കിലും കോവിഷീൽഡ് വാക്സിനായിരുന്നു ആവശ്യക്കാർ ഏറെ. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നീ സാധ്യതകൾ കൂടുതലാണെന്നും രക്തം കട്ടപിടിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തണമെന്നുമുള്ള വ്യാജപ്രചാരണം കെട്ടടങ്ങിയ ഉടനെ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നതാണ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരിൽ ആശങ്ക ഉളവാക്കിയത്. ഇന്ത്യയിൽ 70 ശതമാനത്തോളം പേരും കോവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്. എന്നാൽ, വിഷയത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ഇക്കാര്യത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും ഇത്തമൊരു ആശങ്കക്ക് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് മേധാവി പ്രഫ. ഡോ. എസ്.എസ്. ലാൽ അഭിപ്രായപ്പെട്ടു. വാക്സിനെടുത്ത ലക്ഷത്തിൽ ഒരാൾ മരിച്ചിരിക്കാം. അയാൾക്ക് മറ്റ് അസുഖങ്ങളും ഉണ്ടായെന്നുവരും. എന്നാൽ, വാക്സിൻ എടുക്കാതിരുന്നാൽ കോവിഡ് ബാധിച്ച് 500ഓ അതിലധികമോ പേർ മരണത്തിന് കീഴടങ്ങിയെന്നുവരും. വാക്സിൻ സ്വീകരിച്ചതിനുശേഷം ആളുകളിൽ ഹൃദയാഘാതം അടക്കം വർധിക്കുന്നു എന്ന് ശാസ്ത്രീയ പഠനങ്ങളില്ലാതെ പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.