ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ
November 25, 2023തൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ എലിപ്പനിയും ഡെങ്കിപ്പനിയും വളരെ സൂക്ഷിക്കണം. ഈ മാസം ഇതുവരെ ഒമ്പതു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ, കാന്തല്ലൂർ പഞ്ചായത്തിലെ കാന്തല്ലൂർ, കട്ടപ്പന നഗരസഭയിലെ തൂങ്കുഴി , തൊടുപുഴ നഗരസഭയിലെ കുമ്മങ്കല്ല്, ചക്കുപള്ളം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾ എന്നിവിടങ്ങളാണ് കഴിഞ്ഞയാഴ്ച കണ്ടെത്തിയ പ്രധാന ഹോട്ട്സ്പോട്ടുകൾ.
ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻഗുനിയ എന്നിവക്ക് സാധ്യത കൂടുതലാണ്. അതിനാൽ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ലെന്ന് ജനങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.