പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി
October 25, 2023തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് മന്ത്രിസഭ യോഗം അനുമതി നല്കി. നേരത്തേ ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനുശേഷം പർച്ചേഴ്സ് ഓർഡർ നൽകാനുള്ള തീരുമാനം മന്ത്രിസഭ മരവിപ്പിച്ചിരുന്നു. ഉയർന്ന വിലക്ക് വാക്സിൻ സംഭരിക്കേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന ധനവകുപ്പിന്റെ അഭിപ്രായത്തെ തുടർന്നായിരുന്നു ഇത്.
കഴിഞ്ഞ വർഷത്തെക്കാൾ വയ്ലിന് 112 രൂപ അധികമായതിനാൽ സംഭരണ തീരുമാനം സർക്കാറിന് വിടാമെന്നായിരുന്നു മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. ഇതുപ്രകാരമുള്ള ഫയൽ ധനവകുപ്പിന് അയക്കുകയും ചെയ്തു. ഇതിനിടെ, മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് 1.125 ലക്ഷം വയ്ൽ വാക്സിൻ സംഭരിക്കാൻ ഓർഡർ നൽകി. 2.97 കോടി രൂപയുടെ ഓർഡർ സർക്കാർ തീരുമാനം വരുന്നമുറക്ക് സാധൂകരിക്കാമെന്ന ധാരണയിലായിരുന്നു നടപടി.
എന്നാൽ, വില കൂടുതലാണെന്ന് ഒരിക്കൽ നിലപാടെടുത്ത കോർപറേഷൻ, ഉയർന്ന വിലക്ക് ഓർഡർ നൽകാനെടുത്ത തീരുമാനത്തിൽ ധനവകുപ്പ് ചോദ്യം ഉന്നയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്തെന്നും കേരളത്തിന് അടിസ്ഥാന വിലക്കാണ് വാക്സിൻ ലഭിക്കുന്നതെന്നും കോർപറേഷൻ മറുപടി നൽകി.