പ്രതിരോധ കുത്തിവെപ്പ്;ജില്ലയിൽ ഒരുക്കം പൂർത്തിയായി
October 8, 2023കോഴിക്കോട്: ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് പൂർണത കൈവരിക്കുന്നതിനായി സംഘടിപ്പിക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 സ്പെഷൽ ഡ്രൈവിനുള്ള ഒരുക്കം പൂർത്തിയായതായി മെഡിക്കൽ ഓഫിസർ ഡോ. കെ. രാജാറാം അറിയിച്ചു.
ജില്ലയിൽ ആരോഗ്യസ്ഥാപനങ്ങൾ, സബ് സെന്ററുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലായി ഒരാഴ്ചക്കുള്ളിൽ 1100 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നൽകുന്നത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും കുത്തിവെപ്പ് നൽകും.
കുത്തിവെപ്പുകൾ എടുക്കാത്തതും ചില ഡോസുകൾ മാത്രം എടുത്തുകൊണ്ട് ഭാഗികമായി കുത്തിവെപ്പെടുത്തവരുമായ അഞ്ച് വയസ്സിന് താഴെയുള്ള 7834 കുട്ടികൾക്കും 1319 ഗർഭിണികൾക്കുമാണ് ഈ റൗണ്ടിൽ കുത്തിവെപ്പുകൾ നൽകുന്നത്. ജില്ലയുടെ ചിലഭാഗങ്ങളിൽ പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതുമൂലം ജില്ലയിലെ ചിലഭാഗങ്ങളിൽ അഞ്ചാം പനി പോലെയുള്ള അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതും അതിനെ തുടർന്ന് മരണമടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും തടയാൻ സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിലൂടെ സാധിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. ആർ.സി.എച്ച് ഓഫിസർ സച്ചിൻ ബാബു, എൻ.എച്ച്.എം ഡി.പി.എം ഡോ. സി.കെ. ഷാജി, സീനിയർ പീഡിയാട്രീഷ്യൻ ഡോ. മോഹൻദാസ്, ഡോ. രഞ്ജിത്, എൻ.പി. പുഷ്പ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.