സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്
October 4, 2023ദോഹ: ഖത്തറിലെ മെഡിക്കൽ ഡയഗ്നോസ്റ്റിക്സ് രംഗത്തിന് മുതൽക്കൂട്ടായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ് മാമൂറ ശാഖയിൽ സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റ് പ്രവർത്തനമാരംഭിച്ചു. രാജ്യത്ത് ലഭ്യമായ ജനിതക പരിശോധനകളുടെ വ്യാപ്തി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റിന്റെ തുടക്കം.
വരാനിരിക്കുന്ന കാലത്ത് ആധുനിക ആരോഗ്യ-രോഗനിർണയ രംഗത്ത് ഏറ്റവും പ്രാധാന്യമുള്ള വൈദ്യശാസ്ത്ര ശാഖയാണ് ജെനറ്റിക്സ് ആൻഡ് ജീനോമിക്സ്. മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ നിലവിലെ ജെനറ്റിക്സ് ആൻഡ് ജീനോമിക്സ് ഡിപ്പാർട്മെന്റിന്റെ ഉപശാഖയായാണ് ഇപ്പോള്‍ സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റ് കൂടി ആരംഭിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ പ്രശസ്ത വന്ധ്യത വിദഗ്ധനും വീൽ കോർണൽ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം പ്രഫസറുമായ ഡോ. ബദറുദ്ദീന്‍ അഹമ്മദ് പുതിയ വകുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്, ‘ആദ്യ ത്രൈമാസത്തിലെ അൾട്രാസൗണ്ടിന്റെ ഉദ്ദേശ്യം’ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ജനിതകശാസ്ത്രത്തെയും അതുമായി ബന്ധപ്പെട്ട പരിശോധനകളെയും വിശദീകരിച്ചുകൊണ്ട് ഡോ. ജസ്റ്റിൻ കാർലസും സുരഭി ഗംഗയും സംസാരിച്ചു. ‘ജനിതകശാസ്ത്രത്തിലെയും ഹ്യുമൻ ജീനോമിക്സിലെയും സമീപകാല പ്രവണതകൾ’ എന്നവിഷയത്തിൽ പാനൽ ചർച്ചയും നടന്നു. ഡോ. സുക്മിണി റജി, ഡോ. ശ്രീകാന്ത്, ഡോ. അതിയ്യ അബ്ദുള്ള, ഡോ. സാജിദ് ഖാൻ എന്നിവര്‍ വിദഗ്ധ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ചു.
ഖത്തറിലെ സർക്കാർ-സ്വകാര്യ ആരോഗ്യ മേഖലകളില്‍നിന്നായി 300ലധികം ആരോഗ്യ വിദഗ്ധര്‍ പങ്കെടുത്തു. സൈറ്റോജെനറ്റിക്സ് ഡിപ്പാർട്മെന്റിന്റെ ആരംഭത്തോടെ കാര്യോടൈപ്പിങ്, ഫിഷ് മുതലായ അനവധി സങ്കീർണ ജനിതക പരിശോധനകൾ ഇനി മുതല്‍ ഖത്തറിൽതന്നെ നടത്താനാകും.