കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; ലക്ഷണങ്ങൾ
September 26, 2023കോഴിക്കോട്: നിപ ആശങ്കകൾ ഒഴിഞ്ഞതോടെ ജില്ലയിൽ ഡെങ്കിപ്പനി, വൈറൽ പനി എന്നിവ വർധിക്കുന്നു. ഈ മാസം മാത്രം 249 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ 1185 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ കോർപറേഷൻ പരിധിയിലാണ് കൂടുതൽ പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് വിവരം.
കൊടുവള്ളി, കുന്ദമംഗലം, ഒളവണ്ണ, തിരുവള്ളൂർ, മടവൂർ, കിഴക്കോത്ത്, നരിക്കുനി തുടങ്ങിയ മേഖലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം കുറവാണ്. 23ന് എട്ട്, 22ന് അഞ്ച്, 21ന് 10, 20ന് 15, 19ന് രണ്ടുപേർക്ക് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അടക്കമെത്തുന്ന ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകളെല്ലാം ഡെങ്കിപ്പനി കേസുകളായാണ് കണക്കാക്കുന്നത്.
ഒരാഴ്ച ശരാശരി 100 പേർ വിവിധ ആശുപത്രികളിൽ എത്തുന്നുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിഗമനം. ഇതിൽ പലതിലും സർക്കാർ തലത്തിൽ പരിശോധനകൾ നടക്കാത്തതിനാലാണ് സ്ഥിരീകരിക്കുന്ന ഔദ്യോഗിക കണക്ക് കുറയുന്നത്. വിവിധ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ഔദ്യോഗികമായി ലഭ്യമാക്കുന്നില്ല.
മഴ വീണ്ടും എത്തിയതോടെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചത്. മഴ തുടങ്ങിയതോടെ വെള്ളക്കെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ട് വളരുന്നതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നത്. അതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്.
രോഗനിർണയം
രോഗത്തിന്റെ ആദ്യ അഞ്ചുദിവസം വരെ ആന്റിജൻ ടെസ്റ്റ്, അതു കഴിഞ്ഞാൽ ഡെങ്കി ആന്റിബോഡി പരിശോധന. രക്തത്തിലെ ശ്വേത രക്താണുക്കളും പ്ലേറ്റ്ലെറ്റും കുറയും. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെക്കണ്ട് രോഗ നിർണയം നടത്തി ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നന്നായി വെള്ളം കുടിക്കണം, വിശ്രമം അത്യാവശ്യമാണ്. പ്ലേറ്റ്ലെറ്റ് വർധിപ്പിക്കാൻ മരുന്നോ ഭക്ഷണമോ നിലവിലില്ല. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഏറെ നല്ലതാണ്.
കൊതുകിനെ തുരത്തൂ
ഈഡിസ് ഈജിപ്തി ഇനത്തിൽപെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതിനാൽ ഈഡിസ് കൊതുകുകളിൽനിന്ന് കടിയേൽക്കാതെ ശ്രദ്ധിക്കണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിച്ചാൽ അഞ്ചുമുതൽ എട്ട് ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗം ബാധിച്ചയാളെ കടിക്കുന്ന കൊതുകു മറ്റുള്ളവരെ കടിക്കുമ്പോഴാണ് രോഗം പടരുക.
ശുദ്ധജലത്തിൽ മുട്ടയിട്ടാണ് കൊതുകുകൾ വളരുന്നത്. അതിനാൽ ഫ്രിഡ്ജിനുപിറകിലെ ട്രേ, ചെടിച്ചട്ടികൾ, ചിരട്ടകൾ, ടാർപോളിൻ, അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ തുടങ്ങിയവയിലെല്ലാം കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് ഇത്തരം കൊതുകുകൾ വളരാനുള്ള സാധ്യത ഏറെയാണ്.
അതിനാൽ വീട്ടിലും പരിസരത്തും ശുദ്ധജലം ഉൾപ്പെടെ കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. വീടിനകത്ത് വളർത്തുന്ന ചെടിച്ചട്ടികളിലും കൊതുകു വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജലസംഭരണികൾ നന്നായി അടക്കണം. കിണർ കൊതുകുവല ഉപയോഗിച്ച് മൂടുന്നതും നല്ലതാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഡ്രൈഡേ ആചരിക്കണം.
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ ശരീരവേദന, (പ്രധാനമായും സന്ധിവേദന), തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ.