അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!
September 22, 2023മെഡിക്കൽ കോളജ്: അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതുപേരിൽ ഒരാൾക്ക് അൽഷിമേഴ്സ് രോഗം ബാധിക്കുന്നതായി വിദഗ്ധർ. രണ്ടു തലമുറകളിൽ പാരമ്പര്യമായി രോഗം ഉണ്ടെങ്കിൽ അടുത്ത തലമുറക്ക് അഞ്ചു ശതമാനം രോഗ സാധ്യതയെന്നും കണ്ടെത്തൽ. ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ നടന്ന അൽഷിമേഴ്സ് മാസാചരണത്തിന് തുടക്കമിട്ട് നടന്ന ബോധവത്കരണ പരിപാടിയിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്.
ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിച്ചാൽ ഏതുഘട്ടത്തിലും അൽഷിമേഴ്സ് രോഗം കണ്ടെത്തി ചികിത്സിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പാരമ്പര്യമായി അഞ്ചുശതമാനം പേർക്ക് അസുഖം ബാധിക്കുമെങ്കിൽ പാരമ്പര്യേതരമായി 95 ശതമാനം പേരിൽ രോഗ സാധ്യത കണ്ടെത്തുന്നതിനാൽ ജീവിതശൈലീ രോഗ നിയന്ത്രണം കർശനമായി പാലിക്കേണ്ടതുണ്ട്.
കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ നെവർ ടൂ ഏർലി, നെവർ ടൂ ലേറ്റ് എന്നതാണ് ഇത്തവണത്തെ അൽഷിമേഴ്സ് ദിന സന്ദേശം. ന്യൂറോളജി വിഭാഗം പ്രഫസർമാരായ ഡോ. രാംശേഖർ മേനോൻ, ഡോ. ശ്യാംകൃഷ്ണൻ നായർ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ആശിഷ് വിജയ രാഘവൻ, ഡോ. ശരണ്യ ബി ഗോമതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.