കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം
September 21, 2023പ്രതീകാത്മക ചിത്രം
മുക്കം: കാരശ്ശേരി പഞ്ചായത്തിൽ 3, 9, 10, 11 വാർഡുകൾ മഞ്ഞപ്പിത്തഭീഷണിയിൽ. മലാംകുന്ന്, മൈസൂർമല, ആനയാംകുന്ന്, മുരിങ്ങംപുറായി, കാരമൂല പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചത്.
ഈ ഭാഗങ്ങളിലായി 40ഓളം പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായാണ് വിവരം. രോഗബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സർവേ പൂർത്തിയായിട്ടില്ല. കൃത്യമായ വിവരം ലഭിക്കാൻ സർവേ പൂർത്തിയാകണം. മൂന്നാം വാർഡിൽ ഇന്നലെയാണ് രണ്ട് പേർക്ക് രോഗം ബാധിച്ചത്. രോഗബാധിതരിൽ ഏറെയും വിദ്യാർഥികളാണ്. രോഗികൾ കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടിയശേഷം വീടുകളിൽ കഴിയുകയാണ്.
രണ്ടു കുട്ടികൾ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുമായിരുന്നു. പത്ത് ദിവസം മുമ്പാണ് ഈ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയത്. പിന്നീട് പടരുകയായിരുന്നു. രോഗം നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. പ്രത്യേക യോഗങ്ങൾ ചേർന്ന് ആർ.ആർ.ടി രൂപവത്കരിക്കുകയും വീടുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.
കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തുകയും പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ഹോട്ടലുകൾ, കൂൾബാറുകൾ തുടങ്ങിയ ഭക്ഷ്യവിൽപനശാലകളിൽ പരിശോധന നടത്തിയതായി ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് ടോമി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പ്രദേശത്ത് സന്ദർശനം നടത്തി. പ്രദേശത്തെ വിദ്യാലയത്തിലും വീടുകളിലും സംഘം സന്ദർശനം നടത്തി. വിദ്യാലയത്തിലെ കിണറിൽനിന്ന് രണ്ടാമതും പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
രോഗം നിയന്ത്രണ വിധേയമാണെന്നും പ്രതിരോധനടപടി ഊർജിതമായി നടന്നുവരുന്നതായും ഹെൽത്ത് ഇൻസ്പെക്ടർ അരുൺലാൽ പറഞ്ഞു. ജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.