
നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ
September 15, 2023കൽപറ്റ: കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും പകര്‍ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാജവാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം. വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വിവരവിനിമയ കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ സമ്പര്ക്കപ്പട്ടികയിലാരുമില്ല. എന്നാല്‍, കരുതലെന്ന നിലയില്‍ പൊതുപരിപാടികളിലും ചടങ്ങുകളിലും മാസ്ക് ധരിക്കണം. ആള്‍ക്കൂട്ടമുണ്ടാകുന്ന സന്ദര്‍ഭങ്ങൾ, ആശുപത്രി രോഗി സന്ദര്‍ശനം, അനാവശ്യ യാത്രകൾ എന്നിവ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിപ സംബന്ധിച്ച വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04935240390.
ബോധവത്കരണവുമായി കുട്ടികൾ
സുൽത്താൻ ബത്തേരി: പക്ഷി-മൃഗാദികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വയറസ് രോഗമായ നിപയെ കുറിച്ച് ബോധവത്കരണവുമായി മാനിക്കുനി കോളനിയിൽ സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂൾ അധ്യാപകരും വിദ്യാർഥികളും. കോളനി നിവാസികൾക്ക് രോഗവ്യാപന രീതി, പ്രതിരോധ മാർഗങ്ങൾ എന്നിവ വിശദീകരിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവയടങ്ങുന്ന മെഡിക്കൽ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബ്, അധ്യാപകരായ ടിന്റു മാത്യു, അനു പി. സണ്ണി, ലെനി ജോൺ, ഗീത ടി. ജോർജ്, ബിന്ദു എബ്രഹാം എന്നിവർ നേതൃത്വം നൽകി.
നിപയെ കുറിച്ച് ബോധവ്കരണവുമായി മാനിക്കുനി
കോളനി സന്ദർശിച്ച സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂൾ അധ്യാപകരും വിദ്യാർഥികളും
പരിശോധന കർശനമാക്കി
സുൽത്താൻ ബത്തേരി: കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുൻകരുതലിന്റെ ഭാഗമായി കേരള- തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി. തമിഴ്നാട് ആരോഗ്യ വിഭാഗം വയനാടുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിലാണ് കേരളത്തിൽ നിന്നെത്തുന്നവരെ പരിശോധന നടത്തി കടത്തി വിടുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. പനിയുള്ളവരെ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പാട്ടവയൽ, താളൂർ, കക്കുണ്ടി എന്നിവിടങ്ങളിലൊക്കെ തമിഴ്നാട് ആരോഗ്യ സംഘം പരിശോധന നടത്തുന്നുണ്ട്.
കലക്ടറേറ്റില്‍ ഇന്ന് യോഗം ചേരും
കൽപറ്റ: കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച് ഉച്ചക്കുശേഷം മൂന്നിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.