നിപ ഭീതി വീണ്ടും; മരുന്നില്ല, പ്രതിരോധമാണ് പ്രധാനം; രോഗലക്ഷണങ്ങൾ എന്തെല്ലാം? മുൻകരുതൽ എങ്ങനെ

നിപ ഭീതി വീണ്ടും; മരുന്നില്ല, പ്രതിരോധമാണ് പ്രധാനം; രോഗലക്ഷണങ്ങൾ എന്തെല്ലാം? മുൻകരുതൽ എങ്ങനെ

September 12, 2023 0 By KeralaHealthNews

വീണ്ടും നിപ രോഗ ഭീതിയിലാണ് കേരളം. പനിബാധിച്ച് രണ്ട് പേർ കോഴിക്കോട് മരണപ്പെട്ടതോടെയാണ് വീണ്ടും നിപാ രോഗ ഭീതി ഉടലെടുക്കുന്നത്. മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

എന്താണ് നിപ വൈറസ്?

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ ഇത് പകരാം. ലോകത്ത് നിപ ആദ്യമായി സ്ഥിരീകരിച്ചത് മലേഷ്യയിലാണെന്നാണ് റിപ്പോർട്ട്. പന്നികളിൽ നിന്നായിരുന്നു മലേഷ്യയിൽ അക്കാലത്ത് നിപ വൈറസ് പകർന്നിരുന്നത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചു.

രോഗബാധയുള്ള വവ്വാലുകളുടെ മൂത്രമോ ഉമിനീരോ കലർന്ന പഴങ്ങൾ ഭക്ഷിച്ചതിലൂടെയാണ് ഇരു രാജ്യങ്ങളിലും നിപ വൈറസ് പടർന്നതെന്നാണ് നിഗമനം. പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് നിപ.

രോഗലക്ഷണങ്ങൾ എന്തെല്ലാം?

അണുബാധയേറ്റവരിൽ അഞ്ച് മുതൽ 14 ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാനലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിച്ചേക്കാം.

നിപയെ ഭയപ്പെടേണ്ടതുണ്ടോ?

നിപ രോഗബാധിതരായ പലരും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെങ്കിലും ചിലരിൽ നിപ മൂലം തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്. 40 മുതൽ 75 ശതമാനം വരെയാണ് മരണനിരക്ക്. രോഗബാധിതരിൽ ന്യമോണിയ ഉണ്ടാകുന്നതായും, ശ്വസനസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്.

നിപ പകരുന്നത് എങ്ങനെ?

അതിവേഗം പടർന്നുപിടിക്കാൻ സാധ്യതയുള്ള നിപ വൈറസിന്‍റെ പ്രധാനവാഹകരാണ് പഴംതീനി വവ്വാലുകൾ. പന്നികളിൽ നിന്നും വവ്വാലുകളിൽ നിന്നുമാണ് രോഗം പടരുന്നത്. നേരത്തെ കേരളത്തിൽ നിപവൈറസ് പടർന്നത് വവ്വാലുകളിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.

നിപയെ തടയാൻ മരുന്നുകളുണ്ടോ?

നിപ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയിട്ടില്ല. നിപയെ പ്രതിരോധിക്കാനുള്ള ഏക മാർഗം കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമാണ്.

നിപയെ എങ്ങനെ പ്രതിരോധിക്കാം?

അസുഖബാധയുള്ള വവ്വാലിന്‍റെ കാഷ്ടം, മൂത്രം, ഉമിനീർ തുടങ്ങിയവ മനുഷ്യ ശരീരത്തിലെത്തിയാൽ അത് രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

രോഗം ബാധിച്ച വ്യക്തികളിൽ നിന്നും രോഗം പകരാതിരിക്കാൻ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കാൻ ശ്രമിക്കുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുന്നതാണ് ഉചിതം. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി വൃത്തിയാക്കാനും ഉണക്കാനും ശ്രദ്ധിക്കുക.

വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവർ കൈയ്യുറയും മാസ്‌ക്കും ധരിക്കണം.

വൈറസ് ബാധിച്ച വ്യക്തി മരിച്ചാൽ മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിവ ഒഴിവാക്കുക. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവർ മുഖം തുണികൊണ്ട് മറക്കണം. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.