പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്;ആരോഗ്യമന്ത്രി സ്ഥലം സന്ദർശിച്ചു
August 9, 2023തിരുവനന്തപുരം പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുർവേദ പഞ്ചകർമ്മം ഉൾപ്പെടെ സ്വാസ്ഥ്യ ചികിത്സാ വിധികൾ ലോകത്തിനു മുന്നിൽ എടുത്തുകാട്ടുവാൻ ഉതകുന്ന തരത്തിൽ സർക്കാർ മേൽനോട്ടത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ നിർദിഷ്ട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അൻപതോളം പേർക്ക് ഒരേസമയം ചികിത്സതേടാവുന്ന രീതിയിൽ, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമുണ്ടാകും. കേരളീയ തനിമയിലുള്ള കെട്ടിട നിർമിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക. മികച്ച യോഗാ സെന്റർ, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപ്പിച്ച് ആയുർവേദത്തിന്റെ കേരളപെരുമ ലോകജനതയ്ക്ക് എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിന്റെ അനക്സായ പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയെ നാഷണൽ ആയുഷ് മിഷന്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്. വരും വർഷം തന്നെ ഈ കേന്ദ്രത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ആയുർവേദ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. രാജം, പ്രോഗ്രാം മാനേജർ ഡോ. ആർ. ജയനാരായണൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.